Advertisement

പ്രതിയുടെ രേഖാചിത്രം വരയ്ക്കുന്ന പൊലീസുകാരന്‍ ശ്രദ്ധിക്കുന്നത് എന്തൊക്കെ? അനുഭവങ്ങള്‍ വിവരിച്ച് അജിത് കുമാര്‍

April 5, 2023
Google News 3 minutes Read
Police sketch of criminals police officer Ajith Kumar Interview

തിരുവനന്തപുരം പേരൂര്‍ക്കട അമ്പലമുക്കിലെ ചെടിക്കടയില്‍ ജോലി ചെയ്യുന്ന വിനിതാമോളെ കഴുത്തറുത്ത് കൊന്ന കേസില്‍ ആദ്യഘട്ടത്തില്‍ പൊലീസിന് പ്രതിയെക്കുറിച്ചുണ്ടായിരുന്നത് അവ്യക്തമായ ചില സൂചനകള്‍ മാത്രമാണ്. തൊട്ടടുത്ത കടയിലെ സിസിടിവിയില്‍ പതിഞ്ഞ അവ്യക്ത ദൃശ്യങ്ങളും പ്രതിയ്ക്ക് കൈയില്‍ മുറിവുണ്ടെന്ന വിവരവും മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയെക്കുറിച്ച് അന്ന് ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ഒരു ഓട്ടോഡ്രൈവറാണ്. ഒരു പക്ഷേ ഈ കേസിലെ ഏറ്റവും നിര്‍ണായകമായ ദൃക്‌സാക്ഷി. ഒരുരാത്രി മെഡിക്കല്‍ കോളജില്‍ ഇറക്കണം എന്ന് തമിഴ്കലര്‍ന്ന മലയാളത്തില്‍ ഒരാള്‍ പറയവേ എന്തുകൊണ്ടോ ആ ഡ്രൈവര്‍ക്ക് ഒന്ന് തിരിഞ്ഞുനോക്കാന്‍ തോന്നി. ഒരൊറ്റ നിമിഷം മാത്രം അയാള്‍ ആ മുഖം കണ്ടു. കൊവിഡ് കാലമായതിനാല്‍ യാത്രക്കാരന്‍ മാസ്‌ക് ധരിച്ചിരുന്നു. മൂക്കിന്റെ മുകള്‍ ഭാഗം മുതലാണ് ഈ ഒരു നിമിഷത്തെ കാഴ്ചയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കാണാന്‍ സാധിച്ചത്. പിന്നീട് പൊലീസിന് രേഖാചിത്രം തയാറാക്കുന്നതിന് സഹായകരമായത് പ്രതിയുടെ പാതിമുഖം ഒരു നിമിഷാര്‍ദ്ധം മാത്രം കണ്ട ഈ ഓട്ടോഡ്രൈവറുടെ വാക്കുകളാണ്. എന്നിട്ടും ആ രേഖാചിത്രം പേരൂര്‍ക്കട കൊലപാതകം ഉള്‍പ്പെടെ നടത്തിയ സീരിയല്‍ കില്ലര്‍ രാജേന്ദ്രന്റെ രൂപത്തോട് ഏറെ അടുത്ത് നില്‍ക്കുന്നതായിരുന്നു. തിരുവനന്തപുരം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ എസ്‌ഐ അജിത് കുമാറാണ് രേഖാ ചിത്രം തയാറാക്കിയത്. കോഴിക്കോട് ട്രെയിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രേഖാചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊടുക്കുമ്പോള്‍ രേഖാചിത്രം തയാറാക്കലിന്റെ പ്രക്രിയകളും തന്റെ അനുഭവങ്ങളും ട്വന്റിഫോര്‍ ഡിജിറ്റലിനോട് പങ്കുവയ്ക്കുകയാണ് അജിത് കുമാര്‍. (Police sketch of criminals police officer Ajith Kumar Interview )

എങ്ങനെയാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രേഖാ ചിത്രങ്ങള്‍ തയാറാക്കുന്നത്?

ദൃക്‌സാക്ഷികള്‍ സ്റ്റേഷനിലെത്തുമ്പോള്‍ സംഭവത്തെക്കുറിച്ച് അവരോട് വിശദമായി സംസാരിച്ച ശേഷമാണ് രേഖാചിത്രം വരയ്ക്കാന്‍ ആരംഭിക്കുന്നത്. സാക്ഷിയോട് അങ്ങോട്ട് നിരവധി ചോദ്യങ്ങള്‍ ലഭിക്കുമ്പോള്‍ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏകദേശ രൂപം തയാറാക്കുന്നത്. ഉദാഹരണത്തിന് പ്രതിയ്ക്ക് എന്തെങ്കിലും പരുക്കുകള്‍ പറ്റിയതായി ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ കണ്ണുകളുടെ പ്രത്യേകത എന്താണ്? മുടിയുണ്ടോ? മുഖത്തിന്റെ ആകൃതി എന്താണ് എന്നൊക്കെ ചോദിക്കും. ഓരോ ആകൃതിയായി റഫായി വരച്ച് കാണിക്കും. അത് കാണുമ്പോള്‍ അവര്‍ മുഖത്തിന്റെ ഷേയ്പ്പ് ഇങ്ങനെയല്ല, ഈ വിധത്തില്‍ മാറ്റണം എന്നൊക്കെ പറയും. അതുവച്ച് വീണ്ടും റഫായി വരയ്ക്കും. ഒടുവില്‍ ഏകദേശ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പകുതിയോളം ചിത്രം വരച്ച് അവരെ കാണിക്കുമ്പോള്‍ അവര്‍ പറയുന്ന പുതിയ തിരുത്തുകളുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം പൂര്‍ത്തിയാക്കും. ചിലപ്പോള്‍ മുഴുവന്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ കവിളുകള്‍ ഇത്രത്തോളം തടിച്ചതല്ല, മുഖത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്താനുണ്ട് മുതലായ തിരുത്തുകളൊക്കെ അവര്‍ പറഞ്ഞേക്കാം. ഉടന്‍ ഫൈനലായി അത് മാറ്റിവരയ്ക്കും.

ഒരു രേഖാചിത്രം പൂര്‍ത്തിയാക്കാന്‍ താങ്കള്‍ക്ക് എത്ര സമയം വരെ എടുക്കും?

സാക്ഷിയ്ക്ക് കുറ്റവാളിയുടെ മുഖം 60 മുതല്‍ 70 ശതമാനം വരെയൊക്കെ ഓര്‍ത്തെടുക്കാന്‍ സാധിക്കുകയാണെങ്കില്‍ ചിത്രം 10-15 മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

ഒരു സാധാരണ ആര്‍ടിസ്റ്റ് രേഖാചിത്രം വരയ്ക്കുന്നതും ഒരു പൊലീസ് ഉദ്യോഗസ്ഥനായ ആര്‍ടിസ്റ്റ് രേഖാചിത്രം വരയ്ക്കുമ്പോഴും അതെങ്ങനെ വ്യത്യാസപ്പെടുമെന്നാണ് തോന്നിയിട്ടുള്ളത്?

വെറുതെ ഒരു ചിത്രം വരയ്ക്കുക മാത്രമല്ല എന്നെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. 16 വര്‍ഷത്തോളം കാലം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്തതിന്റെ പ്രവൃത്തി പരിചയം കൂടി ഞങ്ങളെപ്പോലുള്ളവര്‍ക്കുണ്ട്. ദൃക്‌സാക്ഷികള്‍ക്ക് ഭയമുണ്ടാകും. ചിലപ്പോള്‍ അവര്‍ ആ ഷോക്കില്‍ നിന്ന് മുക്തരായിരിക്കില്ല. ആ ആശങ്കയ്ക്കിടെ കുറ്റവാളിയെ കണ്ട ചെറിയ ഒരു ഓര്‍മ മാത്രമേ അവര്‍ക്ക് അപ്പോള്‍ കാണൂ. സത്യം പറഞ്ഞാല്‍ കുറ്റവാളിയെക്കുറിച്ച് സാക്ഷിയോട് ചോദിക്കുന്നത് ഒരു കൗണ്‍സിലിംഗ് കൂടിയാണ്. പൊലീസെന്ന നിലയിലെ അനുഭവങ്ങള്‍ വച്ച് കുറ്റകൃത്യത്തെക്കുറിച്ച് നന്നായി വിവരിച്ച് അവരുടെ ഭയം ഉള്‍പ്പെടെ മാറ്റി വേണം അവരെ പ്രതിയുടെ രൂപം ഓര്‍മിക്കാന്‍ പ്രേരിപ്പിക്കാന്‍.

Read Also: ബോൾ ചെയ്യാൻ തീരുമാനമെടുത്ത് സഞ്ജു; രാജസ്ഥാനെതിരെ പഞ്ചാബ് ബാറ്റ് ചെയ്യും

വരച്ച് തുടങ്ങുന്നതിന് മുന്‍പ് എന്തെല്ലാമാണ് സാക്ഷിയോട് പറയാറുള്ളത്?

കണ്ണടച്ച് മനസില്‍ ആ ക്രൈം സീന്‍ ഒന്നുകൂടി കാണാനാണ് ഞാന്‍ പറയാറുള്ളത്. കുറ്റവാളിയെ കണ്ണടച്ച് സാക്ഷി മനസില്‍ കാണുമ്പോള്‍ ഓരോരോ ചോദ്യങ്ങളായി ചോദിക്കും.

ഒന്നില്‍ക്കൂടുതല്‍ സാക്ഷികളുണ്ടെങ്കില്‍ എങ്ങനെയൊക്കെയാകും രേഖാചിത്രത്തെ കൂടുതല്‍ മെച്ചപ്പെടുത്തുക?

കൊല്ലം ആനന്ദവല്ലിശ്വര ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന ആളെ കണ്ട രണ്ട് സാക്ഷികളുണ്ടായിരുന്നു. പ്രധാന സാക്ഷിയോട് ചോദിച്ച് ആദ്യം ഒരു രേഖാചിത്രം വരച്ച ശേഷം പിന്നീട് രണ്ടാമത്തെ ആളെ കൂടി കാണിച്ച് അയാള്‍ പറഞ്ഞ തിരുത്തുകളും കൂടുതല്‍ വിശദാംശങ്ങളും കൂടി ഞാന്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇത്തരം സംഭവങ്ങളില്‍ രേഖാചിത്രത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.

ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയുടെ രേഖാചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്നോ? എന്താണ് താങ്കള്‍ക്ക് ഇതില്‍ പ്രതികരിക്കാനുള്ളത്?

ട്രെയിന്‍ തീവയ്പ്പ് കേസുപോലുള്ള ഒരു സംഭവമെടുത്താല്‍ സാക്ഷികള്‍ ഒന്നാമത് ആകെ പരിഭ്രാന്തരായിരിക്കും. അതിനിടെ പ്രതി പെട്ടെന്ന് ഓടിപ്പോകുന്ന ഒരു കാഴ്ച മാത്രമാകും അവര്‍ കണ്ടിട്ടുണ്ടാകുക. അവര്‍ വല്ലാത്ത മാനസികാവസ്ഥയിലാകും ഉണ്ടായിരിക്കുക. ഇതിനെല്ലാമിടയില്‍ തങ്ങള്‍ക്കുണ്ടാകുന്നെ ചെറിയ ഓര്‍മയില്‍ നിന്നാണ് അവര്‍ രേഖാചിത്രം വരയ്ക്കുന്ന ആളോട് കുറ്റവാളിയെക്കുറിച്ച് പറയുന്നത്. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രേഖാചിത്രം വരയ്ക്കുന്ന ആളിന് അത് ചെയ്യാനുമാകൂ. അതുകൊണ്ട് തന്നെ ഇപ്പോള്‍ വരുന്ന ട്രോളുകളിലൊന്നും ഒരു കാര്യവുമില്ലെന്നാണ് ഞാന്‍ കരുതുന്നത്.

Story Highlights: Police sketch of criminals police officer Ajith Kumar Interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here