ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി; ഉടൻ കോടതിയിൽ ഹാജരാക്കില്ല

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി. മെഡിക്കൽ കോളജിൽ വച്ച് പ്രതിയോട് ഇന്റലിജൻസ് വിവരങ്ങൾ ആരാഞ്ഞു. ഷാരൂഖ് സെയ്ഫിനെ ഫൊറൻസിക് വിദഗ്ധരും പരിശോധിക്കുന്നുണ്ട്. ( Shahrukh saifi medical examination completed )
ഇന്ന് രാവിലെ പത്ത് മണിക്കാണ് കേസിൽ ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ചോദ്യം ചെയ്യൽ തുടരും. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കില്ലെന്നും അന്വേഷണ സംഘം മൊഴി നൽകി. ഷാരുഖിനെതിരെ യിഎപിഎ സെക്ഷൻ 16 ചുമത്താനാണ് പൊലീസ് തലപ്പത്തു ചർച്ച നടക്കുന്നത്. തീവ്രവാദ പ്രവർത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ സെക്ഷൻ 16. വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷൻ 16. ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. ഷാരുഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഷാരൂഖ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വൈരുധ്യങ്ങളുണ്ട്. കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നാണ് ഷാരൂഖ് ആദ്യം നൽകിയ മൊഴി. എന്നാൽ തനിക്ക് ലഭിച്ച നിർദേശങ്ങൾ പ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് മഹാരാഷ്ട്ര പൊലീസിന് ഷാരൂഖ് നൽകിയ മൊഴി. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നുമാണ് കേരളാ പൊലീസിനോട് ഷാരൂഖ് പറഞ്ഞത്. തന്റെ കുബുദ്ധിയിൽ ചെയ്ത് പോയതാണെന്നാണ് ഷാരൂഖ് പറയുന്നത്. ‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല.’ പ്രതി പറഞ്ഞു. കേരളത്തിൽ ആദ്യമാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
ഇന്ന് പുലർച്ചെ 3.00-3.30 ഓടെയാണ് എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഷാരുക് സെയ്ഫി പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.
Story Highlights: Shahrukh saifi medical examination completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here