Advertisement

അമൂൽ കർണാടകയിലേക്ക്; ബഹിഷ്‌കരണാഹ്വാനവുമായി പ്രതിപക്ഷം; ഗോ ബാക്ക് വിളിയുമായി സോഷ്യൽ മീഡിയ

April 8, 2023
3 minutes Read
Amul enters Karnataka market save nandini hashtag

‘അമൂൽ താസ ബംഗളൂരുവിൽ ഉടൻ എത്തുന്നു’…കർണാടകയിലേക്കുള്ള അമൂലിന്റെ വരവറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ കമ്പനിയുടെ പ്രചാരണം സജീവമാണ്. എന്നാൽ ‘ഗോ ബാക്ക് അമൂൽ, സേവ് നന്ദിനി എന്നീ ഹാഷ്ടാഗുകളുമായി സോഷ്യൽ മീഡിയയിൽ മറുപ്രചാരണവും ശക്തമാവുകയാണ്. അമൂലിന്റെ വരവ് സംസ്ഥാനത്തിന്റെ തദ്ദേശിയ ബ്രാൻഡായ നന്ദിനിയെ തകർക്കുമോ എന്ന ആശങ്കയാണ് ഗോ ബാക്ക് അമൂൽ ഹാഷ്ടാഗിന് പിന്നിൽ. കർണാടകയിലെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്‌കരണാഹ്വാനവുമായി രംഗത്ത് വന്നിട്ടുണ്ട്. ( Amul enters Karnataka market save nandini hashtag )

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമൂലും തദ്ദേശീയമായി നിർമിക്കുന്ന നന്ദിനിയും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അമിത് ഷാ മാണ്ഡ്യയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയാ പോരിന് തുടക്കം കുറിച്ചത്. ക്ഷീര കർഷകർ, പ്രതിപക്ഷ നേതാക്കൾ, പ്രോ കന്നഡ വിഭാഗം എന്നിവർ അമിത് ഷായുടെ ഈ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

സംസ്ഥാന പാൽ ഫെഡറേഷൻ നന്ദിനിക്ക് വേണ്ട പിന്തുണയോ പ്രചാരണമോ നൽകുന്നില്ലെന്നാണ് കെഎംഎഫ് ഡയറക്ടർമാരിൽ ഒരാളായ ആനന്ദ് കുമാർ പറയുന്നത്. പാൽ വില നിയന്ത്രിക്കാൻ ക്ഷീരകർഷകർക്ക് അവകാശം നൽകണമെന്നും ആനന്ദ് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ‘അമൂലിനെക്കാൾ മികച്ച നിലവാരത്തിലുള്ള പാലാണ് നന്ദിനിയുടേതെങ്കിലും, മാർക്കറ്റിംഗിലും പ്രമോഷനിലും നന്ദിനി വളരെ പിന്നിലാണ്. അതുകൊണ്ടാണ് സേവ് നന്ദിനി ക്യമ്പെയിൻ പ്രധാനപ്പെട്ടതാകുന്നത്. അമൂൽ പാലിന്റെ ഉപയോഗം 10% മാത്രമാണെങ്കിലും അവരുടെ പരസ്യം 90% ഉണ്ട്. ഇത് കർണാടകയിലെ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നന്ദിനിയുടെ ബ്രാൻഡ് വാല്യു വർധിപ്പിക്കാൻ അടിയന്തരമായി നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്’- ആനന്ദ് പറഞ്ഞു.

സംസ്ഥാനത്തേക്ക് പിൻവാതിൽ വഴി വരാൻ അമൂലിന് അവസരം ഒരുക്കി കൊടുത്ത ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത് വന്നിട്ടുണ്ട്. ‘ പ്രധാനമന്ത്രിയേയും അമിത് ഷായേയും സൂക്ഷിക്കണം. നമ്മുടെ ബാങ്കുകൾ തകർത്തതിന് പിന്നാലെ ഇപ്പോൾ നന്ദിനി കെഎംഎഫ് തകർക്കാനാണ് അവർ ലക്ഷ്യമിടുന്നത്. നമ്മുടെ ക്ഷീര കർഷകർ നിർമിച്ച ബ്രാൻഡാണ് നന്ദിനി. കെഎംഎഫ്-അമൂൽ ലയനം അമിത് ഷാ പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്തെ പാൽ ഉത്പാദനം പ്രതിസന്ധിയിലായിരിക്കുകയാണ്’- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. നേരത്തെ 91 ലക്ഷം ലിറ്റർ പാലാണ് നന്ദിനി വിറ്റിരുന്നതെങ്കിൽ ഇപ്പോഴത് 71 ലക്ഷം രൂപയിലേക്ക് താഴ്ന്നിരിക്കുകയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

Read Also: നന്ദിനി തൈര് പാക്കറ്റിൽ ‘ദഹി’ എന്ന് ഉപയോഗിക്കണം; ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പുതിയ നീക്കവുമായി ഫുഡ് സേഫ്റ്റി അധികൃതർ

കർണാടക വിപണിയിൽ നിന്ന് നന്ദിനിയെ പുറത്താക്കാനുള്ള അമൂലിന്റെ നീക്കത്തെ വിമർശിച്ച് ജെഡിഎസും രംഗത്ത് വന്നിു. സംസ്ഥാനത്തെ എല്ലാ പ്രദേശത്തും നന്ദിനി പാൽ എത്തുന്നില്ലെന്നും, ഈ അവസരത്തിൽ അമൂൽ ഓൺലൈനായി പാൽ എത്തിക്കാമെന്ന് പറഞ്ഞ് പരസ്യം നൽകുകയും ചെയ്യുന്നതിന്റെ പൊരുൾ എന്താണെന്ന് ജെഡിഎസ് ചോദിക്കുന്നു. ലയനം സാധ്യമാകാത്ത സ്ഥിതിക്ക് ഇത്തരം നീക്കങ്ങളിലൂടെ നന്ദിനിയെ വിപണിയിൽ നിന്ന് പുറത്താക്കുകയാണ് അമൂലിന്റെ ലക്ഷ്യമെന്നും ജെഡിഎസ് തുറന്നടിച്ചു.

നേരത്തെ നന്ദിനി തൈര് പായ്ക്കറ്റിന്റെ കവറിൽ തൈരിന്റെ ഹിന്ദി പദമായ ‘ദഹി’ എന്നത് വലിയ അക്ഷരത്തിൽ നൽകണമെന്ന എഫ്എസ്എസ്എഐയുടെ നീകത്തിനെതിരെയും പ്രതിപക്ഷവും പ്രോ കന്നഡിഗ വിഭാഗവും രംഗത്ത് വന്നിരുന്നു. തുടർന്ന് ഈ തീരുമാനം ഫുഡ് സേഫ്റ്റി അധികൃതർ പിൻവലിക്കുകയായിരുന്നു.

Story Highlights: Amul enters Karnataka market save nandini hashtag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement