‘ബിജെപിയാണ് പ്രതി’; പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരവുമായി ബൈച്ചുങ്ങ് ബൂട്ടിയ

സിക്കിമിലെ സാമൂഹ്യ പ്രവർത്തകർക്കെതിരായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റവും ഇതിഹാസ താരവുമായ ബൈച്ചുങ്ങ് ബൂട്ടിയ. പൊലീസ് സ്റ്റേഷനിൽ ആറ് മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തിയ ബൂട്ടിയ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൃത്യമായ തെളിവുണ്ടായിട്ടും പ്രതികൾക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് ബൂട്ടിയ പറയുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൂർച്ചയുള്ള ഉപകരണങ്ങളും കത്തിയും ഉപയോഗിച്ച് സാമൂഹ്യ പ്രവർത്തകനെ ആക്രമിച്ചു എന്നാണ് ബൂട്ടിയ പറയുന്നത്. ആക്രമിച്ചവർ ബിജെപിയുടെ സഖ്യകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച പ്രവർത്തകരാണ്. ബിജെപിയാണ് പ്രധാന പ്രതി. സർക്കാർ വെറും കളിപ്പാവ. അവർ എല്ലാം അടച്ചുപൂട്ടുന്നു. ജനങ്ങൾക്കു വേണ്ടി റാലി നടത്താനാണ് തങ്ങൾ ആഗ്രഹിച്ചത്. എഫ് ഐ ആറിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യുന്നത് വരെ തങ്ങൾ ധർണയിരിക്കുമെന്നും ബൂട്ടിയ പറയുന്നു.
സിക്കിം എന്ന വാക്കിന്റെ നിർവചനം മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ ബൂട്ടിയ അധ്യക്ഷനായ ഹംറോ സിക്കിം പാർട്ടി(എച്ച്.എസ്.പി) നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. സംഭവത്തിൽ ജോയിൻ്റ് ആക്ഷൻ കമ്മറ്റി ജനറൽ സെക്രട്ടറി കേശവ് സാപ്‌കോട്ടയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കും മുഖത്തും പരുക്കേറ്റ കേശവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സിങ്ടാമിലും തൊട്ടടുത്തുള്ള ഗോസ്ഖാൻ ദാരായിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
Story Highlights: Bhaichung Bhutia protest police station bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here