റയലിൻ്റെ തട്ടകത്തിൽ വിയ്യാറയലിന് ജയം; കിരീടത്തിലേക്കടുത്ത് ബാഴ്സ
ലാ ലിഗയിൽ റയലിനെ ഞെട്ടിച്ച് വിയ്യാറയൽ. റയലിൻ്റെ തട്ടകമായ സാൻ്റിയാഗോ ബെർണബ്യൂവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിയ്യാറയലിൻ്റെ ജയം. രണ്ട് തവണ പിന്നിൽ നിന്നതിനു ശേഷമാണ് നിരന്തരാക്രമണങ്ങളിലൂടെ വിയ്യാറയൽ റയലിനെ ഞെട്ടിച്ചത്. സാമുവൽ ചുക്വുസെ വിയ്യാറയലിനായി ഇരട്ടഗോളുകൾ നേടിയപ്പോൾ ഹോസെ ലൂയിസ് മൊറാലസ് മൂന്നാം ഗോൾ നേടി. റയലിനായി വിനീഷ്യസ് ജൂനിയർ ഗോൾ നേടി. രണ്ടാം ഗോൾ പൗ ടോറസിൻ്റെ സെൽഫ് ഗോളാണ്.
16ആം മിനിട്ടിൽ തന്നെ റയൽ മുന്നിലെത്തി. മാർകോ അസൻസിയോയുടെ ക്രോസ് പൗ ടോറസിൽ തട്ടി സെൽഫ് ഗോളാവുകയായിരുന്നു. 39ആം മിനിട്ടിൽ വിയ്യാറയൽ സമനില പിടിച്ചു. ലൊ സെൽസൊയുടെ അസിസ്റ്റിൽ നിന്ന് സാമുവൽ ചുക്വുസെ ഗോൾ നേടുകയായിരുന്നു. ആദ്യ പകുതി മത്സരം 1-1നു പിരിഞ്ഞു.
48ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. തുടർന്ന് ആക്രമിച്ചുകളിച്ച വിയ്യാറയൽ 70ആം മിനിറ്റിൽ സമനില ഗോൾ നേടി. ഹോസെ ലൂയിസ് മൊറാലസ് ആയിരുന്നു ഗോൾ സ്കോറർ. 10 മിനിട്ടുകൾക്ക് ശേഷം വിയ്യാറയൽ വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടി. സാമുവൽ ചുക്വുസെയാണ് വിയ്യാറയലിൻ്റെ വിജയഗോൾ നേടിയത്.
28 മത്സരങ്ങൾ കളിച്ച റയൽ മാഡ്രിഡ് 59 പോയിൻ്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സലോണ 71 പോയിൻ്റുമായി ഒന്നാമതുണ്ട്.
Story Highlights: real madrid lost villareal la liga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here