എലത്തൂർ ട്രെയിൻ ആക്രമണക്കേസ്; അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ച്

എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ച്. പ്രാദേശിക സഹായം ലഭിച്ചോ എന്നറിയാനാണ് അന്വേഷണം. ഷൊർണൂരിൽ എത്തിയ ദിവസം പ്രതി വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണുകൾ പലതും സ്വിച്ച്ഡ് ഓഫ് ആണ്. പ്രതി വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പൊലീസിന് കൈമാറി. (elathur train investigation shoranur)
പ്രതി ഷാരൂഖ് ഷൊർണൂരിൽ എത്തിയത് പുലർച്ചെ നാല് മണിയോടെയാണ്. ഇയാളെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു. പൊലീസിനെ വിവരമറിയിച്ചത് ഓട്ടോ ഡ്രൈവറുടെ സുഹൃത്ത്. പ്രതി കാനിലാണ് പെട്രോൾ വാങ്ങിയത്. ഇത് കുപ്പിയിൽ ആക്കിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്നുണ്ട്. ഷൊർണൂരിലെ ഒരു കോളനിയിൽ പ്രതി എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോളനിയിൽ എത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.
Read Also: എലത്തൂർ ട്രെയിൻ ആക്രമണക്കേസ്; പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാൻ സാധ്യത
ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് സാധ്യത. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച ഷാറൂഖിനെ ഇന്ന് വിശദമായ വൈദ്യപരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും. തുടർന്ന് ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
ആക്രമണം നടത്തിയത് ഒറ്റക്കാണെന്നും മറ്റാർക്കും ബന്ധമില്ലെന്നും ആവർത്തിക്കുകയാണ് പ്രതി. ആക്രമണത്തിനിടെ മൂന്നുപേർ മരിക്കാനിടയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ആരെയും തള്ളിയിട്ടില്ലെന്നും ഷാറൂഖ് മൊഴി നൽകി.
Read Also: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; മരണത്തില്‍ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി
അതിനിടെ ഷാറൂഖിന് പെട്രോൾ വാങ്ങാൻ ലഭിച്ച ഷൊർണൂരിലെ പ്രദേശികബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതു കൊണ്ടാണ് തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കി മറ്റൊരു പെട്രോൾ പമ്പ് പ്രതി തെരഞ്ഞെടുത്തത് എന്നാണ് നിഗമനം. പ്രതിയുടെ രണ്ട് വർഷത്തെ നീക്കങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. പ്രതിയുടെ തീവ്രവാദ ബന്ധം കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ സൈബർ പരിശോധന ആരംഭിച്ചു.
കേസ് തീവ്രവാദ സ്വഭാവമുള്ളതെന്നാണ് എൻഐഎയുടെ പ്രാഥമിക റിപ്പോർട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കേസിന്റെ അന്തർ സംസ്ഥാന ബന്ധത്തിൽ സമഗ്രാന്വേഷണം വേണമെന്നാണ് എൻഐഎ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ സംഘം റിപ്പോർട്ട് കൈമാറി.
Story Highlights: elathur train attack investigation shoranur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here