മലയാളികളുടെ വീടകങ്ങളിൽ പൂക്കാലമേകിയ ഫ്‌ളവേഴ്‌സിന് ഇന്ന് എട്ട് വയസ്സ്

എട്ടാം വാർഷികത്തിന്റെ നിറവിൽ ഫ്‌ളവേഴ്‌സ് ചാനൽ. ഇൻസൈറ്റ് മീഡിയ സിറ്റിയുടെ കീഴിൽ 2015 ഏപ്രിൽ 12നാണ് മലയാളികൾക്ക് വ്യത്യസ്തമായ കാഴ്ചകളുടെ വസന്തവുമായി ഫ്‌ളവേഴ്‌സ് ചാനൽ ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫ്‌ളവേഴ്‌സ് ടിവി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അന്ന് മുതൽ ഇന്നുവരെ മലയാളിയുടെ വീടകങ്ങളിൽ പൂക്കാലം സൃഷ്ടിച്ചാണ് ചാനൽ വളരുന്നത്. ഗോകുലം ഗോപാലൻ, എസ്. ശ്രീകണ്ഠൻ നായർ, ഡോ. വിദ്യ വിനോദ്, ആലുങ്ങൽ മുഹമ്മദ്, ഡോ. ബി ഗോവിന്ദൻ, ഡേവിസ് എടക്കളത്തൂർ എന്നിവരുടെ ശ്രമഫലമായാണ് ഫ്‌ളവേഴ്‌സ് ജന്മമെടുത്തതും മുഖ്യധാരയിലേക്ക് വളർന്നതും. 8 years of flowers tv
ഉപ്പും മുളകും, കോമഡി ഉത്സവം, ടോപ് സിങ്ങർ, ഫ്ലവേഴ്സ് ഒരു കോടി തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് പരിപാടികൾ ഫ്‌ളവേഴ്‌സിലൂടെ മലയാളികൾ നെഞ്ചിലേറ്റി. ഓരോ നിമിഷവും സുന്ദരവും അതിസുന്ദരവുമായ കാഴ്ച്ചകളും വ്യത്യസ്താനുഭവമേകുന്ന വിനോദവും പ്രേക്ഷകരിലേക്ക് എത്തിച്ചു. ചുരുക്കം കാലത്തിനുള്ളിൽ തന്നെ കേരളത്തിലെ ടെലിവിഷൻ ചാനലുകളുടെ നിരയിൽ മുന്നിട്ട് നില്ക്കാൻ ഫ്ലവേഴ്സിന് സാധിച്ചിരുന്നു. അതിനൂതന സാങ്കേതികവിദ്യയും, അറിവും വിനോദവും വിജ്ഞാനവും പകരുന്ന വ്യത്യസ്തമായ പരിപാടികളും ചാനലിന്റെ മുഖ മുദ്രയായിരുന്നു. മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി 12 കെ വിസ്താര പ്രൊഡക്ഷൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഫ്‌ളവേഴ്‌സ് ടിവി വിപ്ലവം സൃഷ്ടിച്ചു.
Read Also: മൺറോ തുരുത്തിന്റെ വേദന പങ്കുവെച്ച് ‘Mangrove’s Voice‘; ശ്രദ്ധേയമായി ട്വന്റി ഫോർ ഡോക്യുമെന്ററി
മൂന്ന് ഗിന്നസ് റെക്കോർഡുകൾ ഫ്‌ളവേഴ്‌സ് നേടിയിട്ടുണ്ട്. കൂടാതെ പതിനൊന്ന് പ്രോമാക്സ് ബിഡിഎ അവാർഡുകളും നിരവധി കേരള സംസ്ഥന ടെലിവിഷൻ അവാർഡുകളും ചുരുങ്ങിയ കാലം കൊണ്ട് ചാനൽ നേടിയെടുത്തു. ഇൻസൈറ്റ് മീഡിയ സിറ്റിയുടെ കീഴിൽ ഫ്‌ളവേഴ്‌സ് ടിവി, ട്വന്റിഫോർ, ഫ്‌ളവേഴ്‌സ് മീഡിയ അക്കാദമി എന്നിവ വിനോദം, വിജ്ഞാനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ചാനൽ മുൻനിരയിലെത്തിയത് കഠിനാധ്വാനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമായായിരുന്നു.
Story Highlights: 8 years of flowers tv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here