അമ്പയർമാരുടെ തീരുമാനത്തെ വിമർശിച്ചു; അശ്വിന് പിഴ

ഐപിഎലിൽ അമ്പയർമാരുടെ തീരുമാനത്തെ വിമർശിച്ച രാജസ്ഥാൻ റോയൽസ് സ്പിന്നർ ആർ അശ്വിന് പിഴ. അശ്വിൻ പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയ ഐപിഎൽ അധികൃതർ മാച്ച് ഫീയുടെ 25 ശതമാനം പിഴവിധിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അമ്പയർമാരുടെ തീരുമാനത്തിനെതിരെ അശ്വിൻ്റെ വിമർശനം.
“മഞ്ഞുവീഴ്ച ഉണ്ടായതിനാൽ സ്വന്തം ഇഷ്ടപ്രകാരം അമ്പയർമാർ പന്ത് മാറ്റിയത് എനിക്ക് അതിശയമായിരുന്നു. ഇതിനു മുൻപൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. അതിൽ എനിക്ക് അതിശയമായിരുന്നു.”- അശ്വിൻ പറഞ്ഞു.
ഈ പ്രസ്താവനയാണ് പെരുമാറ്റച്ചട്ട ലംഘനമായത്. മത്സരത്തിൽ നടന്ന ഒരു കാര്യവുമായി ബന്ധപ്പെട്ട് പരസ്യമായി മാച്ച് ഒഫീഷ്യലുകളെ വിമർശിക്കുന്നത് ഐപിഎൽ നിയമാവലിയിൽ കുറ്റകരമാണ്.
ഇന്നലെ അവസാന പന്ത് വരെ നീണ്ടുനിന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സുപ്പർ കിംഗ്സിനെ 3 റൺസിനാണ് തോല്പിച്ചത്. അവസാന രണ്ട് ഓവറിൽ വിജയിക്കാൻ 40 റൺസ് വേണ്ട സമയത്ത് എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചേർന്ന് ചെന്നൈയെ വിജയത്തിനരികെ എത്തിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. അവസാന ഓവറിൽ 20ഉം അവസാന പന്തിൽ 5ഉം റൺസാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. അവസാന പന്തിൽ സിംഗിൾ നേടാനേ ധോണിക്ക് സാധിച്ചുള്ളൂ. ധോണി (17 പന്തിൽ 32), ജഡേജ (15 പന്തിൽ 25) എന്നിവർ നോട്ടൗട്ടാണ്.
Story Highlights: ashwin criticizes umpire fine ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here