Advertisement

ക്രൈസ്തവ സമുദായാംഗങ്ങൾ വ്യാപകമായി ആക്രമിയ്ക്കപ്പെടുന്നു എന്ന ആരോപണം തെറ്റെന്ന് കേന്ദ്രം

April 13, 2023
Google News 2 minutes Read
attack christians centre response

രാജ്യത്ത് വ്യാപകമായി ക്രൈസ്തവ സമുദായാംഗങ്ങൾ ആക്രമിയ്ക്കപ്പെടുന്നു എന്ന ആരോപണം തെറ്റാണെന്ന് കേന്ദ്രസർക്കാർ. എതെങ്കിലും വിഭാഗത്തിനെതിരെ ആക്രമണം ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യതമാക്കി. വ്യക്തികൾ തമ്മിലുണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയാടലായി ചിത്രീകരിക്കുവാനുള്ള ശ്രമം അപലപനീയമാണെന്നും സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. (attack christians centre response)

ക്രൈസ്തവ വിശ്വാസികൾക്കെതിരെ രാജ്യത്ത് വ്യാപകമായ ആക്രമണം നടക്കുകയാണെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലം. രാജ്യത്തെ ഒരു സംസ്ഥാനത്തും മതത്തിന്റെ പേരിൽ ഒരു വിഭാഗവും അരക്ഷിതരാകേണ്ട സാഹചര്യം ഇല്ല. ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാസ്വാതന്ത്ര്യം തടയാൻ ആർക്കും സാധിയ്ക്കില്ല. എതെങ്കിലും ഭാഗത്ത് നിന്ന് അതിന് ശ്രമം ഉണ്ടായാൽ ശക്തമായ നിയമ നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രിം കോടതിയെ അറിയിച്ചു.

Read Also: ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഐഎം അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ

ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും നിയമപ്രകാരമുള്ള തുല്യപരിരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് ക്രൈസ്തവ ആക്രമണങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. വ്യക്തികൾ തമ്മിലുണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയാടലായി ചിത്രീകരിക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ഹർജിക്കാരുടെ വാദം അസംബന്ധമാണെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു.

ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഐഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഐഎമ്മിൻ്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ആക്ഷേപിച്ചും അപകീർത്തികരമായ പ്രസ്താവന നടത്തിയും മതപുരോഹിതൻമാരെ പിന്തിരിപ്പിക്കാമെന്നത് സിപിഐഎമ്മിൻ്റെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷത്തിൻ്റെ ദുർഭരണത്തിനും വർഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവർ പ്രതികരിക്കുന്നതാണ് സിപിഐഎമ്മിനെ അസ്വസ്ഥരാക്കാൻ കാരണം. എന്നാൽ, കോൺഗ്രസ് പതിവുപോലെ ഈ കാര്യത്തിലും മൗനം പാലിക്കുന്നത് സിപിഐഎമ്മിനെ പിന്തുണയ്ക്കുന്നത് കൊണ്ടാണ്. മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് പീപ്പിൾസ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ പിന്തുണയ്ക്കുന്നത്.

Story Highlights: attack against christians centre response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here