‘ജോസ് കെ മാണി വന്നിട്ടോ പണം തന്നിട്ടോ ഇല്ല, അഞ്ചുപൈസ പോലും കൈപ്പറ്റിയില്ല’; വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ കുടുംബം
ജോസ് കെ മാണി എംപിയുടെ മകന്‍ പ്രതിയായ വാഹനാപകടക്കേസില്‍ നീതി തേടി മരിച്ച യുവാക്കളുടെ കുടുംബം. നീതി കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് മരിച്ച യുവാക്കളുടെ പിതാവ് ജോളിച്ചന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ജോസ് കെ മാണി ഇതുവരെ വിളിയ്ക്കുകയോ വീട്ടില്‍ വരികയോ ചെയ്തിട്ടില്ല. ജോസ് കെ മാണി പണം നല്‍കിയെന്ന പ്രചാരണമെല്ലാം വ്യാജമാണെന്നും ജോളിച്ചന്‍ പറഞ്ഞു. കേസുമായി തന്നെ മുന്നോട്ടുപോകുമെന്ന് മരിച്ച യുവാക്കളുടെ മാതാവ് സീസമ്മയും കൂട്ടിച്ചേര്‍ത്തു. (Jins and jiss parents on jose k mani son accident case)
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തങ്ങളുടെ വീട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥരും വന്നിട്ടില്ലെന്ന് സീസമ്മ പറയുന്നു. ജോസ് മാണിയെത്തി രണ്ട് ലക്ഷം രൂപ തന്നെന്നും തങ്ങളോട് മാപ്പ് പറഞ്ഞെന്നുമുള്ള വ്യാജവാര്‍ത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും സീസമ്മ പറഞ്ഞു. അഞ്ചുപൈസ പോലും ആരില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും എന്തൊക്കെ വന്നാലും കേസുമായി മുന്നോട്ടുപോകുമെന്നും മരിച്ച യുവാക്കളുടെ മാതാപിതാക്കള്‍ അറിയിച്ചു.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
മണിമല സ്വദേശികളായ ജിന്‍സ്, ജിസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് പൊലീസ് കുഞ്ഞുമാണിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. കുഞ്ഞുമാണി ഓടിച്ചിരുന്ന ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നില്‍ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Story Highlights: Jins and jiss parents on jose k mani son accident case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here