Advertisement

പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്ക് വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട: മുഖ്യമന്ത്രി

April 14, 2023
Google News 4 minutes Read
Study and work soon in Kerala; No need to worry about students going abroad_ Chief Minister

വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. (Study and work in Kerala will possible,no worries says pinarayi vijayan)

ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പാണ് ‘നാം മുന്നോട്ട്’ പരിപാടി നിർമിക്കുന്നത്.

കേരളത്തിൽ നിന്നു നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്.

ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തിൽ പഠിക്കണമെന്നുമൊക്കെ ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾക്കു ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവർ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാൻ തത്പരരുമാണ്.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

ഈയടുത്തു പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഹരിയാന മുഖ്യമന്ത്രി ഉന്നയിച്ച മുഖ്യ പ്രശ്നം ആ സംസ്ഥാനത്തുനിന്നു ധാരാളമായി കുട്ടികൾ വിദേശത്തേക്കു പഠിക്കാൻ പോകുന്നുവെന്നതാണ്. രാജ്യത്തെതന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഡൽഹിയോടു ചേർന്നു കിടക്കുന്ന സംസ്ഥാനമാണു ഹരിയാനയെന്നോർക്കണം. ഈ പ്രവണതയെ കാലത്തിന്റെ പ്രത്യേകതയായിവേണം കാണാൻ – മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.

സർവകലാശാലകളേയും കലാലയങ്ങളേയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടന്നുവരുന്നു. സർവകലാശാലകളുടെ അക്കാദമിക് നിലവാരം ഉയർത്താനുള്ള നടപടികൾ കഴിഞ്ഞ സർക്കാരിന്റെകാലത്തുതന്നെ ആരംഭിച്ചിരുന്നു. ലോക, ദേശീയ തലങ്ങളിൽ കേരളത്തിലെ സർവകലാശാലകൾ പിന്നിലായിരുന്ന ഘട്ടത്തിലായിരുന്നു ആ നടപടി. മുൻനിരയിലേക്ക് അവയെ ഉയർത്തിക്കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ നടത്തി. അതിനു ഫലമുണ്ടായി. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരും.

പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങൾ ഏറെ ഗൗരവമായാണു സർക്കാർ കാണുന്നത്. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വന്തമായി വൻതോതിൽ സ്ഥലമുണ്ട്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കോഴ്സുകളുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാൽ കുട്ടികൾക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. ചില സ്ഥാപനങ്ങൾ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ചില മാനേജ്മെന്റുകൾ ഇതുമായി ബന്ധപ്പെട്ടു സർക്കാരിനെ ബന്ധപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തു വരാനിരിക്കുന്ന വലിയ മാറ്റമാകും ഇത്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരിക്കപ്പെടുന്നതോടെ വിദേശത്തുനിന്നു പഠനത്തിനായി ഇവിടേക്കും വിദ്യാർഥികൾ വരും. കേരളം വലിയൊരു വിദ്യാഭ്യാസ ഡെസ്റ്റിനേഷനാകും. നമ്മുടെ കാലാവസ്ഥയും പ്രകൃതിയും നാടിന്റെ ക്രമസമാധാന നിലയുമൊക്കെ ഇതിന് ഏറെ അനുകൂലമാണ്. ഇതു മുൻനിർത്തിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ഹോസ്റ്റൽ നിർമാണം ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. വലിയ മാറ്റത്തിന്റെ നാളുകളാണു കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉടൻ വരാനിരിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Study and work in Kerala will possible,no worries says pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here