Advertisement

അക്ഷയ തൃതീയ അടുത്തു; സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

April 18, 2023
Google News 3 minutes Read
Image of Gold coins

അക്ഷയ തൃതീയക്ക് ഇനി അധികം ദിവസങ്ങൾ ഇല്ല. ഇന്ത്യയിലെ ആഭരണ വ്യവസായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഓരോ വർഷവും ആഘോഷിക്കുന്ന അക്ഷയ തൃതീയ. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യം ഉണ്ടാകും എന്നാണ് പൊതുവെ കണക്കാക്കുന്നത്. കേരളത്തിൽ സ്വർണമെന്നത് ആഭരണം എന്നതിലുപരി നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ചും സ്വർണവില കുതിച്ചുയരുന്ന ഈ സമയത്ത്. ഏപ്രിൽ 22-ാം തിയതിയാണ് ഈ വർഷത്തെ അക്ഷയ തൃതീയ. അക്ഷയ തൃതീയദിവസം തന്നെ സ്വർണം വാങ്ങണം എന്ന ആഗ്രഹത്തിൽ പോകുന്ന പലരും കൃത്യമായ അറിവില്ലാത്തതിനാൽ ചതികുഴികളിൽപ്പെടാറുണ്ട്. അതിനാൽ, അക്ഷയ തൃതീയ ദിവസത്തിൽ സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസിലാക്കാം. Things to remember before buying Gold on Akshaya Tritiya

ഹാൾമാർക്ക് പരിശോധന

സ്വർണം വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ ഹാൾമാർക്കാണ്. ഇന്ത്യയിൽ നിയമപ്രകാരം ഹാൾമാർക്ക് ചെയ്ത സ്വർണം മാത്രമേ വിൽക്കാൻ സാധിക്കുകയുള്ളു. സ്വർണത്തിന്റെ ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പുവരുത്തുന്നത് ഹാൾമാർക് മൂലമാണ്. ഹാൾമാർക് അടയപ്പെടുത്തുന്ന യൂണിറ്റാണ് കാരറ്റ്. ഏറ്റവും പരിശുദ്ധി കൂടിയ സ്വർണം 24 കാരറ്റാണ്. നൂറു ശതമാനം സ്വർണമാണ് 24 കാരറ്റ് ആയി രേഖപ്പെടുത്തുന്നത്. വളരെ മൃദുവായതിനാൽ 24 കാരറ്റ് സ്വർണം ആഭരണ നിർമാണത്തിന് ഉപയോഗിക്കാറില്ല. 91.6 ശതമാനം സ്വർണം അടങ്ങുന്ന 22 കാരറ്റാണ് സാധാരണയായി ആഭരണ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇത്തരം ആഭരണങ്ങളിൽ സ്വർണത്തിന്റെ അളവ് കൂടുതലായതിനാൽ ഭാവിയിൽ വിൽക്കുമ്പോൾ കൂടുതൽ മൂല്യം ലഭിക്കും.

ഉത്തരവാദിത്തപെട്ട സ്ഥലങ്ങളിൽ നിന്ന് വാങ്ങുക

സ്വർണം എവിടെ നിന്ന് വാങ്ങുന്നു എന്നത് വളരെ പ്രധാനമാണ്. ഭാവിയിൽ നിയമപരമായ പ്രതിസന്ധികൾ ഒഴിവാക്കാൻ ഉത്തരവാദിത്തമുള്ള സ്ഥലങ്ങളിൽ നിന്ന് സ്വർണം വാങ്ങുന്നതിലൂടെ സാധിക്കും. അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള സ്വർണം ഓരോ ജുവലറികളിൽ എത്തുന്നത് നിയമപരമായ പല വഴികളിലൂടെയും കടന്നാണ്. എന്നാൽ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും നിയമവിരുദ്ധമായി സ്വർണം ഖനനം ചെയ്യപ്പെടുന്നുണ്ട്. അവ കസ്റ്റംസിനെ വെട്ടിച്ച് കൊണ്ട് വന്ന് ഉരുക്കി ഉരുപ്പടികളാക്കി വിൽക്കാറുമുണ്ട്. ഇത് നിയവിരുദ്ധമായതിനാൽ ഭാവിയിൽ നിയമപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഉത്തരവാദിത്തപ്പെട്ട ജുവലറികളെ മാത്രം സമീപിക്കുക.

സ്വർണനാണയങ്ങൾ

സ്വർണം ഒരു നിക്ഷേപം ആയി കരുതുന്നവർ ആഭരങ്ങൾക്ക് പകരം സ്വർണനാണയങ്ങൾ വാങ്ങുന്നതാണ് നല്ലത്. ആഭരണരൂപത്തിൽ സ്വർണം വാങ്ങുന്നതിനേക്കാൾ സൗകര്യപ്രദമാണ് നാണയങ്ങൾ. കാരണം, ഏറ്റവും കുറഞ്ഞത് അര ഗ്രാമിലുള്ള സ്വർണം നാണയ രൂപത്തിൽ ലഭിക്കും. നിർമിക്കാൻ ലളിതമായതിനാൽ തന്നെ സ്വർണ ആഭരണങ്ങളെക്കാൾ കുറവാണ് ഇവയുടെ പണിക്കൂലി. ഭാവിയിൽ വിൽക്കുകയാണെകിൽ നാണയങ്ങൾ കൂടുതൽ മൂല്യം തരും.

ബില്ല് ഉറപ്പാക്കുക

സ്വർണം വാങ്ങുമ്പോൾ നിർബന്ധമായും ബില്ല് ചോദിച്ച് വാങ്ങുക. ഭാവിയിൽ സ്വർണം വിൽക്കുമ്പോഴോ മറ്റോ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടായാൽ വാങ്ങിയതിന്റെ ബില്ല് കയ്യിലുള്ളത് നിങ്ങളെ സഹായിക്കും. കൂടാതെ, ലഭിച്ച സ്വർണം നിയമവിധേയമായതാണോ എന്ന് ഉറപ്പു വരുത്താൻ ബില്ല് ആവശ്യമാണ്.

Read Also: എന്തുകൊണ്ട് അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്നു? ഈ കാരണങ്ങള്‍ നോക്കാം

ജിഎസ്ടി നിരക്ക്

ചരക്ക് സേവന നികുതി സ്വർണത്തിന് ബാധകമാണ്. മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. വാങ്ങുന്നവർ ബില്ലിൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Story Highlights: Things to remember before buying Gold on Akshaya Tritiya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here