കൈ പിടിച്ചു, ചുറ്റികയേന്തി, താമരയും തഴുകി കേരളാ കോൺഗ്രസ്

1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൻമാർ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസ്. വളരുംതോറും പിളരുന്ന പാർട്ടിയെന്നാണ് കേരളാ കോൺഗ്രസ് അറിയപ്പെടുന്നത്. കോൺഗ്രസിനും ഇടത് മുന്നണിക്കുമൊപ്പം പലകുറി ചേർന്ന് നിന്ന കേരളാ കോൺഗ്രസ് ഇപ്പോൾ ബിജെപി മുന്നണിയുടേയും ഭാഗമാവുകയാണ്. ( kerala congress split timeline )
ആദ്യ പിളർപ്പ്
കേരളാ കോൺഗ്രസിന്റെ പിളർപ്പുകൾക്ക് 46 വർഷത്തെ പഴക്കമുണ്ട്. 1977 ലാണ് കേരളാ കോൺഗ്രസിൽ ആദ്യ പിളർപ്പ് ഉണ്ടാകുന്നത്. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) എന്ന പാർട്ടി രൂപീകരിച്ച് ഇടതുമുന്നണിയിലേയ്ക്ക് ചേരുന്നത് ആ വർഷമാണ്. അങ്ങനെ അതേ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി വിഭാഗം യു.ഡി.എഫിലും പിള്ള വിഭാഗം എൽ.ഡി.എഫിലും മത്സരിച്ചു.
മാണി , ജോസഫ് വിഭാഗങ്ങളുടെ പിറവി
1979-ൽ പാർട്ടി വീണ്ടും പിളർന്നു. കേരള കോൺഗ്രസ് മാണി, ജോസഫ് എന്നീ വിഭാഗങ്ങളായാണ് അന്ന് പിളർന്നത്. കെ.എം. മാണിയുടെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) പി.ജെ. ജോസഫിന്റെ പാർട്ടി കേരള കോൺഗ്രസ് (ജോസഫ്).
1979-ലാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം ആദ്യമായി എൽഡിഎഫിന്റെ ഭാഗമാകുന്നത്. പി.കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം. മാണി, ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് വിടുകയായിരുന്നു. തുടർന്ന് 1979 നവംബർ 14 ന് കെ.എം. മാണി ഇടതുമുന്നണിയിൽ ചേർന്നു. 1980-ൽ നടന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ഒപ്പം ചേർന്ന് മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം 1980-ൽ ഇടതുമുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തി. ഇ.കെ. നായനാർ നയിച്ച മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായി കെ.എം. മാണി അധികാരത്തിൽ തുടരുകയും ചെയ്തു.
എന്നാൽ 1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ കെ.എം മാണിയും, ആ സമയത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ വിമത വിഭാഗമായിരുന്ന എ.കെ.ആന്റണി വിഭാഗവും പിൻവലിച്ചു. ഇതോടെ ഇ.കെ. നായനാർ മന്ത്രിസഭ രാജിവച്ചു. ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും യുഡിഎഫിൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി.
1981-ൽ കോൺഗ്രസ് ലെ എ.കെ.ആന്റണി വിഭാഗവും കേരള കോൺഗ്രസിലെ മാണി വിഭാഗവും യു.ഡി.എഫിൽ മടങ്ങിയെത്തിയതിനെ തുടർന്ന് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തി. 1981 ഡിസംബർ 28ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1982 മാർച്ച് 17 വരെ തുടർന്ന കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിന്റെ ചുമതലക്കാരനായി കെ.എം. മാണി വീണ്ടും മന്ത്രിയായി.
ഐക്യ കേരള കോൺഗ്രസിന് വേണ്ടി ലയനം
1982-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1985-ൽ പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 1985-ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന ആശയത്തിനു വേണ്ടി പിളർന്ന് മാറിയ കേരള കോൺഗ്രസ് കക്ഷികളെല്ലാം തമ്മിൽ ലയിച്ചു. 1982-1987 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിന്റെ പ്രതിനിധികളായി കെ.എം. മാണി, പി.ജെ. ജോസഫ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർ മന്ത്രിമാരും ആയി.
ഐക്യ കേരള കോൺഗ്രസ് പിളർന്നു
1987-ൽ ഐക്യ കേരള കോൺഗ്രസ് പിളർന്നു. 1989-ൽ മൂവാറ്റുപുഴ ലോക്‌സഭ സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ പി.ജെ. ജോസഫ് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.
കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം രൂപീകരിക്കുന്നു
1993-ൽ വീണ്ടും പാർട്ടി വീണ്ടും പിളർന്നു. ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി കേരള കോൺഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആർ. ബാലകൃഷ്ണപിള്ളയും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും യു.ഡി.എഫിൽ തുടർന്നു. 2010 ഏപ്രിൽ 30ന് ഇടതുമുന്നണി ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം.) യു.ഡി.എഫിന്റെ ഘടകകക്ഷിയായി മത്സരിച്ചു.
കേരളാ കോൺഗ്രസ് (നാഷണലിസ്റ്റ് ) വരുന്നു
2014 ൽ കേരളാ കോൺഗ്രസ് (എം) പിളർന്ന് നോബിൾ മാത്യു, കുരുവിള മാത്യു തുടങ്ങിയവർ ചേർന്ന് കേരളാ കോൺഗ്രസ് നാഷണലിസ്റ്റ് എന്ന പാർട്ടി രൂപീകരിച്ചു. പിന്നീട് പാർട്ടി ബിജെപിയിൽ ചേർന്നു.
എൻഡിഎയ്‌ക്കൊപ്പവും കേരളാ കോൺഗ്രസ്
2015 ൽ പി.സി തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എൻഡിഎയുടെ ഭാഗമായി. എന്നാൽ 2021 കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് തിരിച്ചെത്തി.
കൈപിടിച്ചും, കൈ വിട്ട് ചുറ്റികയേന്തിയും മാണി വിഭാഗം
2016 ഓഗസ്റ്റ് 7ന് ബാർ കോഴ വിവാദത്തിൽ പാർട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടർന്ന് കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് പിന്തുണ അറിയിച്ചു.
2018 ജൂൺ 8ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നൽകാൻ യുഡിഎഫിൽ ധാരണയായതിനെ തുടർന്ന് കേരള കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിൽ ചേർന്നു. എന്നാൽ 2019-ൽ നടന്ന പാല ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ പിന്തുണയോടെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരാജയം നേരിട്ടു.
2020 ജൂൺ 20ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി.
2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ ചേർന്നു.
കേരള കോൺഗ്രസ് (എം.) എന്ന പാർട്ടിയും രണ്ടില ചിഹ്നവും ജോസ്.കെ.മാണിക്ക് അവകാശപ്പെട്ടതാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവ് 2021 മാർച്ച് 15-ന് സുപ്രിം കോടതി ശരിവച്ചതോടെ 2021 മാർച്ച് 17-ന് പി.സി.തോമസിന്റെ കേരള കോൺഗ്രസ് എന്ന പാർട്ടിയിൽ പി.ജെ.ജോസഫ് നേതാവായിട്ടുള്ള ജോസഫ് വിഭാഗം ലയിച്ചു. കേരള കോൺഗ്രസ് പാർട്ടി ലീഡർ, പാർട്ടി ചെയർമാൻ എന്നീ പദവികൾ പി.ജെ.ജോസഫിനാണ്. മോൻസ് ജോസഫാണ് പാർട്ടിയുടെ വൈസ് ചെയർമാൻ. പി.സി. തോമസ് ഡെപ്യൂട്ടി ചെയർമാനാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസിന് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. യു.ഡി.എഫ് ഘടകകക്ഷിയായി 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെ പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിന് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് ജയിക്കാനായത്.
താമര തഴുകിയ ജോണി നെല്ലൂർ
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പിളർന്ന് പാർട്ടി നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ബിജെപി മുന്നണിയുടെ ഭാഗമാവുകയാണ്. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് ഓപറേഷൻ താമര ബിജെപി നടപ്പാക്കാൻ ഒരുങ്ങുന്നതിന്റെ ആദ്യ പടിയായാണ് നീക്കത്തെ കാണുന്നത്. ബിജെപി പിന്തുണയിൽ പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കാനൊരുങ്ങുകയാണ് ജോണി നെല്ലൂർ. നാഷ്ണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും മുൻ ഉടുമ്പുഞ്ചോല എംഎൽഎ മാത്യു സ്റ്റീഫനും പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നും റിപ്പോർട്ടുണ്ട്.
Story Highlights: kerala congress split timeline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here