സൗദി കെ.എം.സി.സി പ്രഖ്യാപിച്ച ഹദിയത്തുറഹ്മ പെന്‍ഷന്റെ ആദ്യ മാസത്തെ വിഹിതം ചെറിയ പെരുന്നാള്‍ ദിനത്തിലെത്തും

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി പ്രഖ്യാപിച്ച ഹദിയത്തുറഹ്മ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നുള്ള ആദ്യ മാസത്തെ വിഹിതം ഏപ്രിലില്‍ ചെറിയ പെരുന്നാള്‍ സമ്മാനമായി ഗുണഭോകതാക്കള്‍ക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ തുടക്കം മുതല്‍ തുടര്‍ച്ചയായി സഹകരിക്കുകയും അറുപത് വയസ് പിന്നിടുകയും ചെയ്ത മുന്‍ പ്രവാസികള്‍ക്കായാണ് ഹദിയത്തുറഹ്മ പദ്ധതി പ്രഖ്യാപിച്ചത്. (Saudi kmcc pension for expats)
ഒരു പുരുഷായുസ്സ് മുഴുവന്‍ മണലാരണ്യത്തില്‍ ചെലവഴിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുന്‍ പ്രവാസികള്‍ക്ക് മാസാന്ത സ്‌നേഹ സമ്മാനമായാണ് കഴിഞ്ഞ ഒക്‌റ്റോബര്‍ മാസത്തില്‍,സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തന ചരിത്രത്തില്‍ ചരിത്രപരമായ മറ്റൊരു അദ്ധ്യായം കൂടി എഴുതി ചേര്‍ത്ത് കൊണ്ട്, ഹദിയത്തുറഹ്മ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്.
മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ ആദ്യ മാസ വിഹിതം എത്തുന്നതാകട്ടെ ചെറിയ പെരുന്നാള്‍ ദിനത്തിലുമാണ്. .സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ തുടക്കം മുതല്‍ തുടര്‍ച്ചയായി സഹകരിക്കുകയും അറുപത് വയസ്സ് പിന്നിടുകയും ചെയ്ത മുന്‍ പ്രവാസികളില്‍ നിന്നും എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച 164 മുന്‍പ്രവാസികള്‍ക്കാണ് ഈ വര്‍ഷം പദ്ധതി ആനുകൂല്യം ലഭിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. എല്ലാ മാസവും രണ്ടായിരം രൂപ വീതം ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ച് നല്‍കുന്ന രൂപത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവാസ ലോകത്ത് എല്ലാവരാലും പ്രശംസ പിടിച്ച് പറ്റിയ പ്രൊഫഷനല്‍ സംവിധാനങ്ങളോടെ നീണ്ട ഒരു ദശാബ്ദം പിന്നിട്ട സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഇപ്പോള്‍ അറുപത്തി അയ്യായിരത്തോളം അംഗങ്ങളുണ്ട്. . പദ്ധതി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണയായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്ത് വരുന്നുമുണ്ട്.. കഴിഞ്ഞ ആറുമാസത്തിനിടയില്‍ മാത്രം അഞ്ചു കോടിയോളം രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതിയില്‍ നിന്നും വിതരണം ചെയ്യാന്‍ ആയെന്നും നാഷണല്‍ കെ.എം.സി.സി യുടെ കീഴിലുള്ള മുപ്പത്തിയഞ്ചു സെന്‍ട്രല്‍ കമ്മറ്റികള്‍ മുഖേനെയാണ് ”ഹദിയത്തു റഹ്മ” പദ്ധതി നടപ്പിലാക്കുന്നതെന്നും സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള , കിഴക്കന്‍ പ്രവിശ്യാ ജനറല്‍ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല , സെക്രട്ടറിയേറ്റ് അംഗങ്ങളായ ആലി കുട്ടി ഒളവട്ടൂര്‍ ,മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ എന്നിവര്‍ പറഞ്ഞു .
Story Highlights: Saudi kmcc pension for expats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here