‘പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷം’; അപർണാ ബാലമുരളി

ബിജെപിയുടെ യുവം പരിപാടിയിൽ പങ്കെടുക്കാനെത്തി അപർണാ ബാലമുരളി. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അപർണാ ബാലമുരളി പറഞ്ഞു. ( aparna balamurali about bjp yuvam 2023 )
‘നാളെയുടെ ഭാവി എന്ന കോൺസപ്റ്റാണ് ഇത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷമുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്’- അപർണാ ബാലമുരളി പറഞ്ഞു. അപർണാ ബാലമുരളിക്ക് പുറമെ ഗായകൻ വിജയ് യേശുദാസ്, നടൻ ഉണ്ണി മുകുന്ദൻ, നവ്യാ നായർ, സ്റ്റീഫൻ ദേവസി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിലെത്തി. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.
സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാബ ഉൾപ്പെടെ 12 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്. പ്രധാനമന്ത്രിയെ തടയാൻ ഒരു നീക്കവുമില്ലെന്നും പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇനിയും കരുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി.ജി.പി അനിൽ കാന്ത് അറിയിച്ചു. ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം പൂർണ്ണമാണെന്നും ഡിജിപി വ്യക്തമാക്കി.
Story Highlights: aparna balamurali about bjp yuvam 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here