Advertisement

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം അവസാനിപ്പിക്കും; അമിത് ഷാ

April 24, 2023
Google News 3 minutes Read
BJP will end unconstitutional Muslim reservation in Telangana Amit Shah

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച വിജയ സങ്കൽപ സഭ എന്ന പേരിൽ ചെവെല്ലയിൽ സംഘടിപ്പിച്ച ബിജെപി റാലിയെ അഭിസംബോധന ചെയ്യവെയാണ് ഷാ മുസ്ലിം സംവരണത്തെപ്പറ്റി പ്രസം​ഗിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ഹൈദരാബാദിനടുത്തുള്ള ചെവെല്ലയിൽ ബിജെപി റാലി സംഘടിപ്പിച്ചത്. മതപരമായ ഇളവുകൾ ഭരണഘടനാവിരുദ്ധമാണെന്നും പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക ജാതി/വർഗ, ഒബിസി വിഭാഗങ്ങൾക്കും മാത്രമാകും സംവരണത്തിന് അർഹതയുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ( BJP will end unconstitutional Muslim reservation in Telangana: Amit Shah ).

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്തുകളഞ്ഞിരുന്നു. അതേസമയം വൊക്കലിഗ, ലിംഗായത്ത് തുടങ്ങിയ സമുദായങ്ങൾക്ക് സംവരണം നൽകുകയും ചെയ്തു. ഈ നീക്കത്തെ പൂർണമായും അംഗീകരിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതിന് സമാനമായി തെലങ്കാനയിലും മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത്.

Read Also: ‘ഇതറിയാമെങ്കിൽ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല?’; പുൽവാമ ആരോപണത്തിൽ സത്യപാൽ മാലിക്കിനെതിരെ അമിത് ഷാ

തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. നിലവിലെ മോശം ഭരണം അവസാനിപ്പിക്കുംവരെ ബിജെപിയുടെ പോരാട്ടം തുടരും. തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസിന്റേത് അഴിമതി ഭരണമാണ്. തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിക്കും. അഴിമതിക്കാരെ ജയിലിലടക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

തെലങ്കാനയിലെ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം തങ്ങൾ അവസാനിപ്പിക്കുമെന്നും ഡിസംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം ബിജെപി മികച്ച ഭൂരിപക്ഷത്തോടെ തെലങ്കാനയിൽ അധികാരത്തിലുമെന്നും അമിത് ഷാ പറഞ്ഞു. മേയിലാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ശേഷം ഈ വർഷം അവസാനം നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപിയുടെ പദ്ധതി.

Story Highlights: BJP will end unconstitutional Muslim reservation in Telangana: Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here