നിയമബിരുദമില്ലാതെ പ്രാക്ടീസ്; ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി

നിയമബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത് തട്ടിപ്പ് നടത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സെസിയുടെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും കോടതി നാളെ പരിഗണിക്കും. ( Absconding fake lawyer Sessi Xavier finally surrenders before Alappuzha court ).
മതിയായ യോഗ്യതയില്ലാതെ പ്രാക്ടീസ് ചെയ്തെന്ന കേസിൽ ഒരു വർഷത്തിലധികമായി ഒളിവിൽ ആയിരുന്ന ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യർ ചൊവ്വാഴ്ച രാവിലെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. സെസി സേവ്യറെ മെയ് എട്ടുവരെ കോടതി റിമാൻഡ് ചെയ്തു. കിഴങ്ങിയതിനൊപ്പം സെസി സേവ്യർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
പ്രതിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. സെസി സേവ്യറിന് നിയമബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാർ അസോസിയേഷന് ലഭിച്ച ഊമക്കത്തിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വ്യാജ അഭിഭാഷകയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകന്റെ എൻറോൾ നമ്പർ ഉപയോഗിച്ചാണ് സെസി അസോസിയേഷനിൽ അംഗത്വമെടുത്തത്.
Read Also: സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്
ആലപ്പുഴ ബാർ അസോസിയേഷന്റെ നിർവാഹക സമിതിയിലേക്ക് സെസി മത്സരിച്ച് ജയിച്ചിരുന്നു. ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ 2021 ജൂലൈ 18ന് പൊലീസ് കേസെടുത്തതോടെയാണ് ഇവർ ഒളിവിൽ പോയത്. ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്ന സെസിയെ ചില കേസുകളിൽ കമീഷനായി നിയമിക്കുകയും ചെയ്തിരുന്നു.
ഒളിവിൽ പോയ ശേഷം സെസി സേവ്യർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സെസി ഒളിവിൽ തുടരുകയായിരുന്നു. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പ്രതി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here