പരമാവധി വേഗം 130 കിലോമീറ്റർ; വൈഫൈ, സിസിടിവി: വന്ദേഭാരതിനെപ്പറ്റി അറിയേണ്ടതെല്ലാം [24 Explainer]

വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. കേരളത്തിൽ ഇത് വിസ്മയമായും അമ്പരപ്പായും ആണ് അവതരിപ്പിച്ചത്. പണ്ട് വേണാടും ഇൻറർസിറ്റിയും രാജധാനിയും വന്നതുപോലെയല്ല. ലാലുപ്രസാദ് യാദവ് കൊണ്ടുവന്ന ഗരീബി രഥ് പോലെയുമല്ല. സാധാരണ ഗതിയിൽ കിട്ടാൻ ഇടയില്ലാത്തത് എന്തോ പ്രത്യേക പരിഗണനയാൽ ലഭിച്ചതുപോലെയാണ്. ഈ നാട്ടിലെ ജനതയ്ക്ക് ഒരു സമ്മാനം നൽകിയതുപോലെയാണ്. അതുകൊണ്ടു തന്നെയാണ് ദാനംകിട്ടിയ പശുവിനെ എന്നതുപോലെ പൊട്ടുതൊടീച്ച് മാലയിടീച്ച് ആരതിയുഴിഞ്ഞ് കൊണ്ടുനടക്കുന്നത്. ആയതിനാൽ ഇതൊരു സ്പെഷൽ യാത്രയാണ്. എ കംപ്ളീറ്റ് പൊളിറ്റിക്കൽ ത്രില്ലർ. (vande bharat express explainer)
ആലുവ – എറണാകുളം റൂട്ടിൽ മിനിറ്റിൽ മൂന്നെണ്ണം വന്നിരുന്ന സിറ്റിബസിലെ കമ്പിയിൽ തൂങ്ങിപ്പോയിരുന്നവർക്ക് കൊച്ചി മെട്രോ ഒരു അപ്ഗ്രഡേഷൻ ആയിരുന്നു. കേരള എക്സ്പ്രസിൻറെ ജനറൽ കംപാർട്ട്മെൻറിൽ നിന്നു തിരിയാൻ ഇടമില്ലാതെ മൂന്നുനാലു രാപ്പകലുകൾ ഡൽഹിയിൽ നിന്നു തിരുവനന്തപുരം എത്താൻ എടുത്തിരുന്നവർക്ക് രാജധാനിയും ഒരു അപ്ഗ്രഡേഷൻ ആയിരുന്നു. അതുപോലെ മലബാറിലും വേണാടിലും എക്സിക്യൂട്ടിവിലും പോയിരുന്നവരുടെ യാത്ര അപ് ഗ്രേഡ് ചെയ്യുകയാണ് വന്ദേഭാരതിൽ.
മെച്ചപ്പെട്ട ഹൃസ്വദൂര യാത്രയ്ക്കുള്ള സംവിധാനമാണ് വന്ദേഭാരത്. മെച്ചപ്പെട്ട ദീർഘദൂര യാത്രയ്ക്കുള്ള സംവിധാനമാണ് രാജധാനി. രണ്ടും എല്ലാ അർത്ഥത്തിലും രണ്ടാണ്. വന്ദേഭാരത് എന്നാണ് വിശേഷണം എങ്കിലും റയിൽവേയുടെ രേഖകളിൽ ഇത് ട്രെയിൻ 18 ആണ്. വേഗം 180 കിലോമീറ്റർ വരെ കിട്ടുന്ന രാജ്യത്തെ ആദ്യ ട്രെയിൻ എന്ന നിലയിലാണ് ആ പേരു വീണത്. ട്രയൽ റണ്ണിൽ അത് 180 കിലോമീറ്റർ എത്തുകയും ചെയ്തു. എന്നാൽ, 180 കിലോമീറ്റർ വേഗമുള്ള ട്രെയിൻ നമുക്ക് ആ നിലവാരത്തിൽ ഓടിക്കാൻ കഴിയില്ല. ഇപ്പോൾ രാജ്യത്ത് പരമാവധി എടുക്കാവുന്ന വേഗം 130 കിലോമീറ്റർ ആണ്. അഥവാ 130 കിലോമീറ്ററിൽ വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കുകയാണ് എന്നു പറയാം. സുരക്ഷാ പ്രശ്നങ്ങളും നമ്മുടെ ട്രാക്കിൻറെ സ്ഥിതിയും കണക്കിലെടുത്താണ് ഇങ്ങനെ.
ഇന്ത്യയുടെ എക്സ്പ്രേസ് ഹൈവേയിൽ 120 കിലോമീറ്ററും ദേശീയപാതയിൽ 100 കിലോമീറ്ററും സംസ്ഥാന പാതകളിൽ 70 കിലോമീറ്ററും മറികടന്നാൽ അപ്പോൾ ക്യാമറ പിടികൂടുകയും ഫൈൻ ഇടുകയും ചെയ്യും. രാജധാനിയ്ക്ക് 130 കിലോമീറ്റർ വേഗം എടുക്കാൻ കഴിയുമെങ്കിലും കേരളത്തിൽ വിവിധ ഇടങ്ങളിൽ 55 കിലോമീറ്റർ മുതൽ 86 കിലോമീറ്റർ വരെ വേഗത്തിലാണ് ഓടിക്കുന്നത്. പരമാവധി 90 കിലോമീറ്റർ ആണ് അനുവദനീയം. വന്ദേഭാരതിൻറെ അതീവ സുരക്ഷാ സംവിധാനങ്ങൾ കണക്കാക്കി ഇത് കേരളത്തിൽ 110 കിലോമീറ്റർ വരെയാകാം. പരീക്ഷണാടിസ്ഥാനത്തിൽ 120 കിലോമീറ്റർ വേഗവും എടുക്കാം. ഇതാണ് രാജധാനിയുമായുള്ള വ്യത്യാസം
വന്ദേഭാരത് രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിൻ ആണ്. രാജധാനി ദീർഘദുര സ്പീഡ് ട്രെയിനും. വന്ദേഭാരതും രാജധാനിയും സമ്പൂർണ എസിയാണ്. വന്ദേഭാരതിൽ വൈഫൈ ഉണ്ട്, സിസിടിവിയും ഉണ്ട്. ഒപ്പം ഇൻഫോടെയ്ൻമെൻറ് സംവിധാനങ്ങളും ഉണ്ട്. രാജധാനിയിൽ ഇതൊന്നും ഇല്ല. മുൻപ് പറഞ്ഞതുപോലെ രാജധാനിക്ക് ശരാശരി വേഗം 90 കിലോമീറ്റർ ആണെങ്കിൽ വന്ദേഭാരതിന് 130 കിലോമീറ്റർ ആണ്.
രാജധാനിയുടെ തിരുവനന്തപുരം-കണ്ണൂർ ഫസ്റ്റ് ക്ളാസിന് 2440 രൂപ സെക്കൻഡ് ക്ളാസ് 1970 തേഡ് ക്ളാസ് 1460. രാജധാനിയിൽ ഈ ക്ളാസുകൾ എ സി ചേർത്ത് പറയേണ്ടതില്ല. കാരണം എല്ലാം എസിയാണ്. അതേ സമയം വന്ദേ ഭാരതിന് ഏക്സിക്യൂട്ടീവ് ചെയറിന് 2500 രൂപയും ചെയർകാറിന് 1370 രൂപയും ആണ്. രണ്ടു നിരക്കുകളും താരതമ്യം ചെയ്യാവുന്നതല്ല. കാരണം രണ്ടും രണ്ടു സൗകര്യങ്ങളും രണ്ട് തരം യാത്രക്കാരെ ഉദ്ദേശിച്ചുള്ളതുമായി.
സൗകര്യങ്ങൾക്ക് അനുസരിച്ച് നിരക്കുകളിലും വ്യത്യാസം വരും. കൊച്ചി മെട്രോയ്ക്ക് സിറ്റി ബസിൻറെ ഇരട്ടിയും മൂന്നുമടങ്ങും നിരക്ക് വരുന്നതുപോലെയാണ് എന്നും പറയാം. ഏതായാലും നിരക്കു നോക്കിയാൽ അപ്പം വിറ്റുവരാൻ ഉദ്ദേശിക്കുന്നവർക്കുള്ള ട്രെയിൻ അല്ല. അപ്പപ്പോൾ ബിസിനസ് ആവശ്യങ്ങൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും പോയിവരേണ്ടവർക്കുള്ളതാണ്. ഇതിൻറെ വേഗവും നിർത്തുന്ന സ്റ്റോപ്പുകളും എത്തുന്ന സമയവും ഒക്കെ ഇപ്പോൾ ജനതയ്ക്കു കാണാപാഠമാണ്. വന്ദേഭാരത് ഒരു സൗകര്യമാണ്. ഉമിക്കരി കൊണ്ട് പല്ലുതേച്ചിരുന്നവർക്ക് കോൾഗേറ്റ് കിട്ടുന്നതുപോലെ. അപ്പോഴും ഉമിക്കരികൊണ്ടു തേക്കുന്നതിൻറെ സുഖം കിട്ടില്ല എന്നു പറയുന്നവർ ഉണ്ടാകും. ക്ളോസ് അപ്പ് ആണോ കോൺഗേറ്റാണോ പല്ലിന് കൂടുതൽ തിളക്കം നൽകുന്നത് എന്ന ചർച്ചയിലാകും മറ്റുള്ളവർ. അപ്പോൾ നമ്മൾ ആരംഭിക്കുകയാണ്.
ഇതിനെ ഒരു അനുഭവം എന്നോ സൗകര്യം എന്നോ വിശേഷിപ്പിക്കാം. പാർക്കുകളിൽ പോകുമ്പോൾ ഓരോ റൈഡിലും ഓരോ അനുഭവമാണ്. ട്രെയിൻ യാത്രയും അങ്ങനെയാകണം. നമ്മുടെ ഒരു ദിവസത്തിൻറെ പകുതിസമയത്തിന് അടുത്ത് ചെലവാക്കിയാണ് ഇപ്പോൾ തിരുവനന്തപുരം – കണ്ണൂർ യാത്ര നടത്തുന്നത്. സ്റ്റേഷനുകളിലെ പിടിച്ചിടൽ കൂടി വരുമ്പോൾ 12 മണിക്കൂർ ഒക്കെ വരും. വന്ദേഭാരത് അത് ദിവസത്തിൻറെ മൂന്നിലൊന്നായി കുറയ്ക്കുന്നു എന്നു പറയാം. ശരാശരി പുരുഷ ആയുസ്സ് 71ഉം സ്ത്രീ ആയുസ്സ് 74ഉം ആയ ഇന്ത്യയിൽ ഇത് വളരെ വലിയ നേട്ടമാണ്. മാസത്തിൽ പലതവണ പോകേണ്ടി വരുന്നവർക്ക് ഉണ്ടാകുന്ന നഷ്ടം ഒന്നു കണക്കാക്കി നോക്കിയാൽ തന്നെ അറിയാം ആ വ്യത്യാസം. അവിടെ രണ്ടു മണിക്കൂറിൻറെ ലാഭം പോലും പവൻമാറ്റാണ്. മുഷിപ്പൻ യാത്രകളിൽ നിന്നുള്ള മോചനമാണ് ഓരോ രാജധാനിയും വന്ദേഭാരതും…. ഇനി അതിനു മുകളിൽ ഒന്നുവരും…. അപ്പോൾ അതാകണം നമ്മുടെ മുൻഗണന… ജീവിതം അപ്ഗ്രേഡ് ചെയ്യപ്പെടാനായി നമുക്ക് കാത്തിരിക്കാം.
Story Highlights: vande bharat express explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here