കല്ലായിപ്പുഴയുടെ തീരത്ത് മരമളന്ന് തുടങ്ങി…. അഭിനയം കൊണ്ട് ആജാനബാഹുവായ മാമുക്കോയ

കല്ലായിപ്പുഴയുടെ തീരത്ത് മരമളന്ന് തുടങ്ങിയതാണ് മാമുക്കോയ എന്ന മനുഷ്യന്‍. 1960കളില്‍… തോളുറുപ്പും കണങ്കാലുവരെ മസിലുമുള്ള മല്ലന്മാരുടെ നടുവിലേക്ക് കൃശഗാത്രനെത്തുമ്പോള്‍ അതൊരു വഴിമാറി നടത്തമായിരുന്നു. പത്താംക്ലാസ് വരെ പഠിച്ച കണക്ക് മനസില്‍ പെരുക്കി മരമളന്ന പകലുകള്‍… രാത്രി നാടിനെ കുറിച്ചോര്‍ത്ത ആധി.. അതെല്ലാം ചേര്‍ന്ന കലാകാരനായിരുന്നു മാമുക്കോയ.(Mamukoya actor life story and childhood)
കെ ടി മുഹമ്മദും വാസുപ്രദീപും എകെ പുതിയങ്ങാടിയും ചെമ്മങ്ങാട് റഹ്മാനും എഴുതിയ നാടകങ്ങളിലെ മുഖ്യവേഷങ്ങള്‍. ചെറിയ മനുഷ്യനും കൗമാരപ്രായവും ആണെങ്കിലും അരങ്ങിലെത്തുമ്പോള്‍ മുഹമ്മദ് കോയ എന്ന മാമുക്കോയ അഭിനയം കൊണ്ട് ആജാനബാഹുവാകും.
അടിയന്തരാവസ്ഥാ കാലത്ത് ഉള്ളുനീറിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആയിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറിന്റെ മാംഗോസ്റ്റിന്റെ ചുവട്ടില്‍ ചാരുകസേരയ്ക്ക് ഏറ്റവുമടുത്ത് ഇരിപ്പിടം ലഭിച്ചയാള്‍. അറബിപ്പൊന്ന് എഴുതിക്കഴിഞ്ഞ കാലത്താണ് എം പി മുഹമ്മദിനും എം ടി വാസുദേവന്‍നായര്‍ക്കും ഇടയിലൂടെ കൗമാരക്കാരനായ മാമുക്കോയ സന്ദേശവാഹകനായി സഞ്ചരിക്കാന്‍ തുടങ്ങിയത്. എം ടി തന്നെ നിര്‍ദേശിച്ച് നല്‍കിയതായിരുന്നു സുറുമയിട്ട കണ്ണുകളിലെ വേഷം.
Read Also: മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്; സംസ്‌കാരം നാളെ
സത്യന്‍ അന്തിക്കാട് സിനിമകളില്‍ സെറ്റ് പ്രോപ്പര്‍ട്ടി പോലെ അവിഭാജ്യ ഘടകമായി മാറിയ നാളുകള്‍. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ പറയാന്‍ ശ്രീനിവാസനും സത്യന്‍ അന്തിക്കാടിനുമൊക്കെ ഏറ്റവും ആശ്രയിക്കാവുന്ന കഥാപാത്രമായിരുന്നു മാമുക്കോയയുടേത്. പ്രിയദര്‍ശനും സിദ്ദിഖും ലാലും ലാല്‍ജോസും അങ്ങനെ മലയാളത്തെ ഇളക്കിമറിച്ച സംവിധായകരെല്ലാം ഒരു വേഷം മാമുക്കോയയ്ക്കായി കരുതി. കെട്ടുകാഴ്ചകള്‍ക്കിടയിലേക്ക് മലയാളിത്തം കൊണ്ടുവരാനുള്ള പാലമായിരുന്നു അവര്‍ക്കെല്ലാം മാമുക്കോയ. മലയാള സിനിമയില്‍ അനുഭവങ്ങളുടെ പൊന്മുട്ടയിടുന്ന താറാവായിരന്നു അദ്ദേഹം. തൊട്ടതെല്ലാം തനി തങ്കമാക്കി. മലയാളി ജീവിതത്തെ കുറിച്ച് ആധികൊണ്ടയാള്‍.
Story Highlights:Mamukoya actor life story and childhood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here