മാമുക്കോയ പറയുന്ന കോമഡി വേറെ ഏത് നടൻ പറഞ്ഞാലും വർക്കൗട്ടാവില്ല; അനുസ്മരിച്ച് രമേഷ് പിഷാരടി

മാമുക്കോയ പറയുന്ന കോമഡി വേറെ ഏത് നടൻ പറഞ്ഞാലും വർക്കൗട്ടാവില്ലെന്ന് നടൻ രമേഷ് പിഷാരടി. ആ ഡയലോഗുകൾ അദ്ദേഹം പറഞ്ഞാൽ മാത്രമേ നമുക്ക് ചിരി വരുകയുള്ളൂ. ഇത്രയും താളവും ടൈമിങ്ങുമുള്ള നടനെ അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. ഒരു സിനിമാ നടന് വന്നേക്കാവുന്ന യാതൊരു ശരീര ഭാഷയും ജീവിതത്തിലെ ഒരു ഘട്ടത്തിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലെന്നും പിഷാരടി അനുസ്മരിച്ചു. ( Ramesh Pisharody remembers Mamukkoya ).
ഒരു സെലിബ്രേറ്റി സ്റ്റാറ്റസുള്ള, ഇത്ര വർഷത്തെ അഭിനയ പാരമ്പര്യമുള്ള മാമുക്കോയ അതൊന്നും സംസാരത്തിൽ പ്രകടിപ്പിച്ചിരുന്നില്ല. വളരെ പുരോഗമനപരമായി കാര്യങ്ങൾ പറയുകയും ചിന്തിക്കുകയും ചെയ്തിരുന്നയാളെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്. കഥാപാത്രങ്ങൾക്കപ്പുറം നല്ല ഒരു മനുഷ്യനായിരുന്നു മാമുക്കോയയെന്നും പിഷാരടി പറഞ്ഞു.
മലയാള സിനിമയിലെ ആദ്യ കൊമേഡിയന്‍ അവാര്‍ഡ് ലഭിച്ചതും മറ്റാർക്കുമായിരുന്നില്ല. അത് കോമഡിയുടെ തമ്പുരാനായ സാക്ഷാൽ മാമുക്കോയക്കായിരുന്നു. മികച്ച കൊമേഡിയനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ നടനാണ് അദ്ദേഹം. തന്‍റേതായ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുണ്ട്. 2008ല്‍ ‘ഇന്നത്തെ ചിന്താ വിഷയം’ എന്ന സിമയിലെ പ്രകടനത്തിനാണ് മികച്ച കോമഡി താരത്തിനുള്ള അവാര്‍ഡ് മാമുക്കോയയ്ക്ക് ലഭിച്ചത്. ‘പെരുമഴക്കാലം’ എന്ന സിനിമയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.
Read Also: മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്; സംസ്‌കാരം നാളെ
കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് മാമുക്കോയ ശ്രദ്ധിക്കപ്പെട്ടത്. മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ ഏറ്റവും പ്രധാന പ്രത്യേകത. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായിരുന്നു മാമുക്കോയ. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയത്. സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.
Story Highlights: Ramesh Pisharody remembers Mamukkoya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here