അരിക്കൊമ്പൻ തേക്കടിയിൽ; പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ചു

അരിക്കൊമ്പനുമായി പോയ വാഹനം തേക്കടിയിൽ എത്തി. പെരിയാർ കടുവ സങ്കേതത്തിലെ സീനിയറോഡ വനമേഖലയിൽ എത്തിച്ചു. അരിക്കൊമ്പനെ വരവിനോട് അനുബന്ധിച്ച് കുമളിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ( arikomban reached periyar tiger reserve )
അരിക്കൊമ്പനെ ഉടൻ പുറത്തുവിടില്ലെന്നാണ് റിപ്പോർട്ട്. അരിക്കൊമ്പനെ ദേഹത്ത് ഗുരുതരമായ മുറിവുകൾ അല്ലായെങ്കിൽ പോലും മുറിവുകൾ നിരീക്ഷിച്ച് വേണ്ട ചികിത്സാ നടപടികൾ ആരംഭിച്ച ശേഷമാകും അരിക്കൊമ്പനെ ഉൾവനത്തിലേക്ക് വിടുക. ചട്ടക്കൂട് പൊളിച്ച് പുറത്തേക്ക് വരാനുള്ള ശ്രമമെല്ലാം വഴിമധ്യേ അരിക്കൊമ്പൻ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.
അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിരുന്നു ദൗത്യസംഘത്തിന്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റാൻ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനായി എന്നത് വിജയമാണ്.
നേരത്തേ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. കുങ്കിയാനകൾ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പൻ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പൻ കുതറി മാറിയതോടെ പിന്നിൽ നിന്നിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്‌പോൺസ് ടീമും ചിതറിയോടുകയായിരുന്നു.
Story Highlights: arikomban reached periyar tiger reserve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here