കേരളത്തില്‍ നിന്ന് മതംമാറി സിറിയയിലേക്ക് 32,000 പേര്‍ പോയെന്ന പ്രചാരണത്തിന് തെളിവ് തന്നാല്‍ ഒരു കോടി; പ്രഖ്യാപനവുമായി യൂത്ത് ലീഗ്

കേരളത്തില്‍ നിന്ന് 32,000 പേര്‍ മതംമാറി സിറിയയിലേക്ക് പോയിയെന്ന് അവകാശപ്പെടുന്ന ദി കേരള സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ ട്രെയിലറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചലഞ്ചുമായി മുസ്ലീം യൂത്ത് ലീഗ്. കേരളത്തിനെതിരായ ഈ പ്രചാരണത്തിന് തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് യൂത്ത് ലീഗ് ഇനാമായി ഒരു കോടി രൂപ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 4ന് 11 മണി മുതല്‍ അഞ്ച് മണി വരെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറില്‍ തെളിവുകള്‍ സമര്‍പ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. (P K firoz youth league challenge after the Kerala story trailer)
വസ്തുനിഷ്ഠമെന്ന രീതിയില്‍ സിനിമയുടെ ട്രെയിലര്‍ അവതരിപ്പിക്കുന്ന ഈ അവകാശവാദം കേരളത്തിലാകെ വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. കേരള സ്റ്റോറി പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ പലരും സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിയ്ക്കുന്നുണ്ട്. കേരളത്തിലെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റ് ആക്കിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീലും വെല്ലുവിളിച്ചിട്ടുണ്ട്. ഇത്തരം 32000 സ്ത്രീകളുടെ വിവരങ്ങള്‍ ഒന്നും വേണ്ട, വെറും 32 പേരുടെയെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് താന്‍ 11 ലക്ഷം രൂപ നല്‍കുമെന്നും ഷുക്കൂര്‍ വക്കീല്‍ പ്രഖ്യാപിച്ചു.
കേരളത്തിലെ മുസ്ലിം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കിയ സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് ഞാൻ പത്ത് ലക്ഷം രൂപ ഓഫർ ചെയ്യുന്നുവെന്ന് നസീർ ഹുസൈൻ കിഴക്കേടത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും പത്ത് പേരുടെയെങ്കിലും വിവരങ്ങൾ തന്നാൽ മതി. പാലക്കാട് സ്വദേശികളായ, ഇസ്ലാമിലേക്ക് മതം മാറിയ, ബെക്സൻ വിൻസെന്റ് , ബെസ്റ്റെൻ വിൻസെന്റ് എന്നീ സഹോദരങ്ങൾ വിവാഹം ചെയ്ത മെറിൻ, നിമിഷ, പിന്നെ സോണിയ സെബാസ്റ്റിയൻ എന്നിവരാണ് ഇതുവരെ മുസ്ലിം സമുദായത്തിൽ നിന്നല്ലാതെ ഐസിസിൽ ചേർന്നതായി വർത്തയുള്ളത്. ഹൈക്കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് കേസിനെ കുറിച്ച് ഒരു തെളിവുമില്ലാതെ ഒരു സമുദായത്തെയും ഒരു സംസ്ഥാനത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ഇതാ യഥാർത്ഥ കേരള സ്റ്റോറി; എടപ്പാൾ ഓട്ടത്തെ പരാമർശിച്ച് വി. ശിവൻകുട്ടിയുടെ എഫ്ബി പോസ്റ്റ്
പി കെ ഫിറോസിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം:
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘ് പരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളില്‍ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തില്‍ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്‌പോണ്‍സേര്‍ഡ് സിനിമ ആധികാരിക കണക്കുകള്‍ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ.
പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്. അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ മുസ്ലിം യൂത്ത് ലീഗ് ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകള്‍ കയ്യിലുള്ള ആര്‍ക്കും മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറില്‍ അത് സമര്‍പ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്…
Story Highlights: P K firoz youth league challenge after the Kerala story trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here