ഇതാ യഥാർത്ഥ കേരള സ്റ്റോറി; എടപ്പാൾ ഓട്ടത്തെ പരാമർശിച്ച് വി. ശിവൻകുട്ടിയുടെ എഫ്ബി പോസ്റ്റ്

‘ദ കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ എടപ്പാൾ ഓട്ടവുമായി താരതമ്യം ചെയ്ത് മന്ത്രി വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എടപ്പാൾ അവതരിപ്പിക്കുന്ന ദി ഒറിജിനൽ കേരള സ്റ്റോറി എന്ന പോസ്റ്ററാണ് മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. സാധാരണ സിനിമാ പോസ്റ്ററുകളിൽ സംവിധായകന്റെ പേര് എഴുതിയിരിക്കുന്ന ഭാഗത്ത് വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. എടപ്പാൾ ഓട്ടത്തെ കളിയാക്കിക്കൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ഡിസ്ക്രിപ്ഷനിൽ Running Reels Films എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ( THE ORIGINAL KERALA STORY v sivankutty’s FB post in reference to edappal ottam ).
2019ൽ ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താലിലൂടെയാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ സോഷ്യൽ മീഡിയയിൽ പ്രശസ്തമാകുന്നത്. എടപ്പാൾ ജംഗ്ഷനിൽ ബൈക്കുകളുമായി റാലി നടത്തിയ ബി.ജെ.പി, സംഘപരിവാർ പ്രവർത്തകരെ ഒരു സംഘം ആളുകൾ ഓടിക്കുകയും ബൈക്കുകൾ ഉപേക്ഷിച്ച് അവർ ഓടുകയും ചെയ്യുന്ന ദൃശ്യങ്ങളുമാണ് വലിയ രീതിയിൽ വൈറലായത്. അതുമായി ‘ദ കേരള സ്റ്റോറി’ എന്ന സിനിമയെ ബന്ധപ്പെടുത്തിയാണ് മന്ത്രി ഇത്തരത്തിലൊരു പോസ്റ്റർ ഫെയ്സ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്.
Read Also: ‘നന്ദി, കേരള സ്റ്റോറി പി ആര് വര്‍ക്ക് നിങ്ങള്‍ തന്നെ ചെയ്യുന്നുണ്ട്’: പ്രതികരിച്ച് നായിക അദാ ശര്‍മ്മ
എടപ്പാൾ ടൗണിൽ നിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് 2019 ജനുവരി 3ന് സംഘർഷമുണ്ടായത്. ബൈക്കിലെത്തിയവരെ എതിർവിഭാഗം വളഞ്ഞിട്ട് അടിച്ചതോടെ ആദ്യമെത്തിയവർ ബൈക്കുകൾ ഉപേക്ഷിച്ച് ഓടി പോകുകയായിരുന്നു. ഈ സംഘർഷമാണ് ‘എടപ്പാൾ ഓട്ടം’ എന്ന പേരിൽ ട്രോളൻമാർ ആഘോഷിച്ചത്.
കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് സിപിഐഎമ്മും കോൺഗ്രസും ഉൾപ്പടെയുള്ള പാർട്ടികൾ നിലപാടെടുത്തിരുന്നു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു ആക്ഷേപം.
ദ കേരള സ്റ്റോറി’ സംഘപരിവാർ പ്രൊപ്പഗണ്ടകളെ ഏറ്റു പിടിക്കുന്ന സിനിമയാണെന്ന് മുഖ്യമന്ത്രിയും രാജ്യാന്തരതലത്തിൽ കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവും അഭിപ്രായപ്പെട്ടിരുന്നു.
Story Highlights: THE ORIGINAL KERALA STORY v sivankutty’s FB post in reference to edappal ottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here