ആതിരയുടെ മരണം; അരുണ്‍ കോയമ്പത്തൂരില്‍ ഒളിവിലെന്ന് സൂചന; അന്വേഷണം ഊര്‍ജിതം

കോട്ടയം കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരിലെന്ന് സൂചന. അരുണിനെ കണ്ടെത്താനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. അരുണ്‍ ആതിരയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ആതിരയുടെ മരണത്തില്‍ മുന്‍ സുഹൃത്തായ അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. ഇന്നലെയാണ് സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് ആതിര ജീവനൊടുക്കിയത്. തമിഴ്‌നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.
അരുണിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആതിരയുടെ കുടുംബം ഉന്നയിക്കുന്നത്.അരുണ്‍ വിദ്യാധരന്‍ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീ ഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്‌റുമായ ആശിഷ് ദാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു.
ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ അരുണിന്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം നിന്നു. രണ്ട് വര്‍ഷം മുന്‍പ് ഇരുവരും പിരിഞ്ഞതാണ്. അതിന് ശേഷം ഇരുവരും തമ്മില്‍ കോണ്‍ടാക്ട് ഉണ്ടായിരുന്നില്ല. ഈയടുത്ത് ആതിരയ്ക്ക് വിവാഹാലോചന വന്നതോടെയാണ് അരുണ്‍ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയതും സൈബര്‍ ആക്രമണം നടത്തിയതും. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും ആശിഷ് പറഞ്ഞു. വിവാഹം നടക്കാനിരുന്ന വീട്ടിലേക്ക് ആതിരയുടെ മൃതദേഹം എത്തിച്ചതും ആശിഷ് അടക്കമുള്ള ബന്ധുക്കള്‍ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല.
Read Also: പ്രണയാഭ്യർഥന നിരസിച്ചു; വർക്കലയിൽ 16 കാരിയെ റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു
ആതിരയുടെ മരണം കൊലപാതകത്തിന് തുല്യമായ മരണമാണെന്ന് ആശിഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി വരാതിരിക്കാന്‍ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
Story Highlights: Athira death Police says Arun is in Coimbatore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here