Advertisement

ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇൻ്റലിജൻസ് വിഭാ​ഗം; ചിത്രം തിയേറ്ററിലെത്തിയാൽ വ്യാപക സംഘർഷത്തിന് സാധ്യത

May 3, 2023
Google News 2 minutes Read
The Kerala Story should not be screened in Tamil Nadu Intelligence report

വിവാദമായ ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് തമിഴ്നാട് ഇൻ്റലിജൻസ് വിഭാ​ഗം. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധത്തിനും സംഘർഷത്തിനും സാധ്യതയുണ്ടെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്നലെയാണ് ദി കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ​ഹർജി മദ്രാസ് ഹൈക്കോടതിയിലെത്തുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകൻ ബി ആർ അരവിന്ദാക്ഷനാണ് ഹർജി നൽകിയത്. ഇന്ത്യയുടെ അഖണ്ഡത തകർക്കുന്ന ചിത്രം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

Read Also: “32000 കൃത്യമായ കണക്ക് അല്ല; 32000 പേരായാലും 3 പേരായാലും വിഷയം ഗൗരവമുള്ളത്”; ദി കേരള സ്റ്റോറി സംവിധായകൻ

അതേസമയം, ദി കേരള സ്റ്റോറിക്ക് എതിരായ ഹർജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി മെയ് 5 ലേക്ക് മാറ്റി. അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. വി.ആർ അനൂപാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ടീസർ തെറ്റായ സന്ദേശം നൽകുന്നുവെന്ന് ഹർജിക്കാരന്റെ വക്കീൽ കോടതിയിൽ വാദിച്ചു. സിനിമയുടെ ടീസർ സിനിമയുടെ മുഖമാണെന്നും സാമുദായിക സ്പർധ വളർത്തുന്ന ഘടകങ്ങളാണ് ടീസറിലുള്ളതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതിയും വിസമ്മതിച്ചിരുന്നു. സിനിമ വിദ്വേഷ പ്രസം​ഗത്തിന്റെ ഭാ​ഗമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേർക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാൻ ഹർജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിർദ്ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹർജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

Story Highlights: The Kerala Story should not be screened in Tamil Nadu Intelligence report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here