Advertisement

ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി കേരളത്തിലെത്തി; കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച

May 5, 2023
Google News 2 minutes Read
Egyptian Grand Mufti Meeting with Kanthapuram AP Abubakar Musliar

വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി ആറു ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ത്യയിലെത്തിയ ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൗഖി ഇബ്‌റാഹീം അല്ലാമും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും കൂടിക്കാഴ്ച്ച നടത്തി. മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളിലെ മത, സാംസ്‌കാരിക, വിദ്യാഭ്യാസ വിഷയങ്ങള്‍ ചര്‍ച്ചയായി.

വിജ്ഞാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പൈതൃകത്തെ മുറുകെ പിടിക്കണമെന്ന് കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് ഇരു ഗ്രാന്‍ഡ് മുഫ്തിമാരും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ‘

‘രാജ്യ നന്മക്ക് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഇന്ത്യയിലെയും ഈജിപ്തിലെയും ഭരണഘടനകള്‍ എല്ലാവിധ പൗരന്മാര്‍ക്കും ജാതി മത ഭേദമന്യേ തുല്യ സ്വാതന്ത്രം നല്‍കുന്ന ഭരണഘടനകളാണ് . അതാണ് ഈ രാജ്യങ്ങളെ തമ്മില്‍ കൂടുതലായി ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം. പൗരന്മാര്‍ ഭരണഘടന അനുസരിച്ച് ജീവിക്കാന്‍ തയ്യാറാകേണ്ടതും, ഭരണാധികാരികള്‍ പൗരന്മാര്‍ക്ക് അര്‍ഹമായ ഭരണഘടനാ അവകാശങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്’.

‘ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും നിലനില്‍പ്പ് വിദ്യാഭ്യാസം, സാഹോദര്യം, ഐക്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കാരണം അവ മനുഷ്യരാശിയെ ഉന്നതമായ ധാര്‍മികതയിലേക്ക് നയിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. ഇവ മുറുകെപ്പിടിച്ചു രാജ്യ നന്മക്കായി പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ പ്രതിജ്ഞാബദ്ധരാവണം. മതങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും വര്‍ണങ്ങളുടെയും വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് എല്ലാവരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന ഇന്ത്യക്ക് ലോകത്തിന് മുന്നില്‍ അഭിമാനകരമായ സ്ഥാനമുണ്ട്.

Read Also: പ്രവര്‍ത്തകരുടെ വികാരം അവഗണിച്ച് മുന്നോട്ട് പോകാനാകില്ല; രാജി പിന്‍വലിച്ച് ശരദ് പവാര്‍

ഇന്ത്യന്‍ ജനത പൊതുവേയും, മുസ്‌ലിംകള്‍ പ്രത്യേകിച്ചും തങ്ങളെ ഒരുമിച്ചുകൂട്ടിയ ഈ ചരട് മുറിയാതിരിക്കാന്‍ വളരെയെറെ ശ്രദ്ധാലുക്കളായിരിക്കണം. ഈജിപ്തിലെയും ഇന്ത്യയിലെയും പണ്ഡിതന്മാര്‍ ഇരു രാജ്യങ്ങളിലും മതങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയും സൗഹാര്‍ദ്ദവും പ്രചരിപ്പിക്കുന്നതിന് ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങള്‍ക്കിടയിലെ വൈജ്ഞാനിക നൈപുണി കൈമാറ്റങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും’.

വൈജ്ഞാനിക ഗവേഷണ സാങ്കേതിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഫത്‌വാ കൗണ്‍സിലും ഈജിപ്ഷ്യന്‍ ഫത്‌വാ കൗണ്‍സിലും സഹകരിച്ച് കോണ്‍ഫറന്‍സുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Story Highlights: Egyptian Grand Mufti Meeting with Kanthapuram AP Abubakar Musliar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here