Advertisement

ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം; എതിരാളികൾ ഗുജറാത്ത്

May 5, 2023
Google News 2 minutes Read
rajasthan royals gujarat titans

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാൽ രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തും. രാജസ്ഥാൻ തോറ്റാൽ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും. (rajasthan royals gujarat titans)

ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങൾ കൊണ്ട് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. മുംബൈയോട് കഴിഞ്ഞ കളിയിൽ നേരിട്ട തോൽവിയടക്കം മോശം തീരുമാനങ്ങൾ കാരണമായിരുന്നു. ബാറ്റിംഗ് ഓർഡർ തന്നെയാണ് ജയിക്കാമെന്നുറപ്പുള്ള പല മത്സരങ്ങളും രാജസ്ഥാനെ പരാജയപ്പെടുത്തിയത്. അശ്വിൻ്റെ ബാറ്റിംഗ് ഓർഡർ, ദേവ്ദത്തിൻ്റെ ബാറ്റിംഗ് ഓർഡർ, ഹോൾഡറിൻ്റെ അണ്ടർ യൂട്ടലൈസേഷൻ തുടങ്ങിയ തീരുമാനങ്ങളൊക്കെ തിരിച്ചടിച്ചു. പല മത്സരങ്ങളിലും നേരിയ മാർജിനിലാണ് രാജസ്ഥാൻ തോറ്റത്. ഈ പരാജയങ്ങളിൽ മേല്പറഞ്ഞ മോശം തീരുമാനങ്ങൾ നിർണായകമായി. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നീ പ്രധാന താരങ്ങളൊന്നും ഫോമിലല്ലാതിരുന്നിട്ടും രാജസ്ഥാന് വലിയ സ്കോറുകൾ പടുത്തുയർത്താൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഡെത്ത് ഓവർ ബൗളർമാരുടെ പോരായ്‌മയുണ്ടെങ്കിലും ടീമിൽ മാറ്റമുണ്ടാവില്ല.

Read Also: വീണ്ടും അവസാന ഓവര്‍ ത്രില്ലര്‍; ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത

ഇൻ്റിമിഡേറ്റിങ്ങ് ആയ ബൗളിംഗ് നിരയുടെ കരുത്തുമായാണ് ഗുജറാത്ത് എത്തുന്നത്. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് കരുത്തരാണ്. ഷമി, റാഷിദ്, ഹാർദിക്, ജോഷ്വ, നൂർ, മോഹിത് എന്നിങ്ങനെ ക്വാളിറ്റി ബൗളർമാരുടെ ഒരു നീണ്ട നിരയാണ് ഗുജറാത്തിലുള്ളത്. ബാറ്റിംഗ് നിര സ്ഥിരമായി ഫോം കാത്തുസൂക്ഷിക്കുന്നില്ലെങ്കിലും പല മത്സരങ്ങളിൽ പല താരങ്ങളാണ് തിളങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ ഗെയിം പ്ലാൻ എതിരാളികൾക്ക് തലവേദനയാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.

ആദ്യ പാദ മത്സരത്തിൽ ഗുജറാത്തിനെതിരെ ആവേശജയം നേടിയ രാജസ്ഥാന് ഇന്ന് കാര്യങ്ങൾ എളുപ്പമാവില്ല. സ്പിന്നർമാരെ തുണയ്ക്കുമെന്ന് കരുതപ്പെടുന്ന പിച്ചിൽ ഗുജറാത്തിൻ്റെ അഫ്ഗാൻ സ്പിൻ ദ്വയം വലിയ ഭീഷണി ആയേക്കും. രാജസ്ഥാനാവട്ടെ, ചഹാൽ -അശ്വിൻ സഖ്യത്തിൻ്റെ റോൾ നിർണായകമാവും.

Story Highlights: rajasthan royals gujarat titans ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here