രജൗരിയിൽ തിരിച്ചടിച്ച് സൈന്യം, ഒരു ഭീകരനെ വധിച്ചു; കരസേനാ മേധാവിയും പ്രതിരോധ മന്ത്രിയും ജമ്മുവിലേക്ക്

ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യത്തിൻ്റെ തിരിച്ചടി. കാണ്ടി വനമേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. എകെ 56 തോക്കും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇന്നലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. (Terrorist Killed In Fresh Rajouri Gunbattle; Rajnath Singh, Army Chief To Visit Jammu)
സൈന്യത്തിൻ്റെ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും, മറ്റൊരാൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. 1 എകെ 56 റൈഫിൾ, എകെ റൈഫിളിന്റെ 4 മാഗസിനുകൾ, 56 റൗണ്ട് വെടിയുണ്ടകൾ, 1×9 എംഎം പിസ്റ്റൾ, മാഗസിൻ, 3 ഗ്രനേഡുകൾ, 1 വെടിമരുന്ന് പൗച്ച് എന്നിവ ഇതുവരെ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കാണ്ടി വനമേഖലയിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച ജമ്മുവിലെത്തും. ജമ്മു സെക്ടറിലെ സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്യും.സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ട്. രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത ഓപ്പറേഷൻ നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളായ PAFF ഏറ്റെടുത്തു. ആക്രമണത്തെ തുടര്‍ന്ന് രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Story Highlights: Terrorist Killed In Fresh Rajouri Gunbattle; Rajnath Singh, Army Chief To Visit Jammu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here