Advertisement

കെഎസ്ആർടിസി പണിമുടക്ക്; ബസ്സുകൾ തടയുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മാനേജ്മെന്റ്

May 7, 2023
Google News 2 minutes Read
KSRTC strike; management will take strict action against employees

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഞായറാഴ്ച രാത്രി 12 മണി മുതൽ 24 മണിക്കൂർ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ ബസ്സുകൾ തടയുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിട്ടു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്. ഇത്തരത്തിൽ സർവീസ് മുടക്കാൻ ശ്രമം നടത്തുകയോ വാഹനങ്ങളിൽ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി. പണിമുടക്കുന്ന ജീവനക്കാരിൽ നിന്നും സർവീസ് തടസ്സപെടുന്നതുമൂലമുള്ള നഷ്ടം ഈടാക്കും. ( KSRTC strike; management will take strict action against employees ).

സമാധാനപരമായി സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഏതെങ്കിലും കാരണവശാൽ പൊതുമുതൽ നശിപ്പിക്കുകയോ, ജനങ്ങൾക്ക് യാത്ര സൗകര്യം നിഷേധിക്കുകയോ ചെയ്താൽ സർക്കാരിന് വെറുതെ ഇരിക്കാനാവില്ല. ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നതും, ഏറ്റവും കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്നതുമായ തിങ്കളാഴ്ച തന്നെ ഈ പണിമുടക്കിന് വേണ്ടി തിരഞ്ഞെടുക്കുക വഴി ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിയെ കൂടുതൽ അവതാളത്തിലേക്ക് ചവിട്ടി താഴ്ത്തുക എന്നതാണ് സമരം ചെയ്യുന്നവരുടെ ലക്‌ഷ്യം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മുൻകാലങ്ങളിൽ നടത്തിയ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാരണമാണ് ഈ സ്ഥാപനം ഇന്നത്തെ നിലയിൽ എത്തിയതെന്ന് ഇനിയും മനസ്സിലാക്കാത്ത ജീവനക്കാർ ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണ് ഈ പണിമുടക്ക്. ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന തിങ്കളാഴ്ച തന്നെ പണിമുടക്കിന് തെരഞ്ഞെടുത്തത്‌ 22 ലക്ഷത്തോളം യാത്രാക്കാരെ ബുദ്ധിമുട്ടിക്കുക എന്ന ലക്‌ഷ്യത്തോടെയാണ്. സമരം ചെയ്യുന്നവർക്ക് എതിരെ ഒരു കാരണവശാലും ഇനി മൃദുസമീപനം സ്വീകരിക്കുകയില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

സമരത്തെ നേരിടാൻ എല്ലാ ഡിപ്പോയിലും ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കാൻ ഡിജിപിക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും രീതിയിൽ ബസുകൾ തടയുകയോ, അക്രമ സ്വഭാവം കാണിക്കുകയോ ചെയ്യുന്ന ജീവനക്കാർ ഉണ്ടെങ്കിൽ അവർക്കെതിരെ ഉടൻതന്നെ നടപടിയെടുക്കാൻ അതാത് യൂണിറ്റ് ഓഫീസർമാർ ഉടൻ തന്നെ റിപ്പോർട്ട് അയക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട് . സമരം ആരംഭിക്കുന്നതിന് മുൻപ് ഞാറാഴ്ച മുതൽ സമരം അവസാനിക്കുന്ന ചൊവ്വാഴ്ച വരെ യൂണിറ്റ് ഓഫീസർമാർ അതാത് യൂണിറ്റുകളിൽ ക്യാമ്പ് ചെയ്യണമെന്നും മാനേജ്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ബദൽ ജീവനക്കാരും ഹാജരാകണം. ആവശ്യമെങ്കിൽ സ്വിഫ്റ്റിന്റെ അവധിയിലുള്ള ജീവനക്കാരെ ഉപയോഗിച്ച് തിങ്കളാഴ്ച യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ യാത്ര ചെയ്യാൻ അവസരമൊരുക്കണമെന്ന് യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർവീസ് മുടക്കുന്ന ഓഫീസർമാരുടെ പേരിലും കർശന നടപടി എടുക്കും.

നഷ്ടം നേരിടുന്ന കെഎസ്ആർടിസിയിൽ 3 വർഷമായി പണിമുടക്കിൽ ഏർപ്പെടില്ലെന്ന് അംഗീകൃത യൂണിയനുകളും, മാനേജ്മെന്റും തമ്മിൽ അലിഖിതമായ ധാരണയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ശമ്പളം 2 തവണയായിട്ടാണെങ്കിൽ പോലും എല്ലാ മാസവും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ സമരത്തിന് തിരഞ്ഞെടുത്തത് കെഎസ്ആർടിസി ജീവനക്കാരോട് മാത്രമല്ല, കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നാണ് മാനേജ്മെന്റിന്റെ വീക്ഷണം. പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്നുള്ളവരാണ് തിങ്കഴാഴ്ച തന്നെ സമരത്തിന് തിരഞ്ഞെടുത്തതെന്നും മാനേജ്മെന്റ് പറയുന്നു.

Story Highlights: KSRTC strike; management will take strict action against employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here