പട്ടാപ്പകൽ വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് 13 പവൻ സ്വർണ്ണവും പണവും കവർന്നു; പ്രതികളെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

കോന്നി തേക്കുതോടിൽ പട്ടാപ്പകൽ വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് 13 പവൻ സ്വർണ്ണവും പണവും കവർന്ന പ്രതികളെ തണ്ണിത്തോട് പൊലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടി. പന്തളം സ്വദേശി അനീഷ്, സഹായി തേക്ക്തോട് വെട്ടുവേലിൽ പറമ്പിൽ രാജേഷ് എന്നിവരാണ് പിടിയിലായത്. ഈ മാസം രണ്ടാം തീയതി രാവിലെ പത്തരയോടെയാണ് തേക്കുതോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വത്സല രവീന്ദ്രൻ വീട് പൂട്ടിയ ശേഷം തേക്കുതോട് ജംഗ്ഷന് സമീപത്തെ എ ടി എമ്മിൽ പോകുന്നത്.
ഈ സമയം തേക്ക്തോട് സ്വദേശി രാജേഷിൻ്റെ സഹായത്തോടെ രാവിലെ പതിനൊന്നു മണിയോടെ അനീഷ് മോഷണത്തിനായി വീട്ടിൽ എത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം വീടിന് പിൻവശത്ത് എത്തി അടുക്കള വാതിൽ കുത്തിത്തുന്നു. അകത്ത് കയറിയ ശേഷം ഒരു മുറിയിൽ നിന്നും 6500 രൂപ കൈക്കലാക്കി. പിന്നീട് അടുത്ത മുറിയിൽ കയറി അലമാരയിൽ നിന്നും പതിമൂന്ന് പവനോളം സ്വർണ്ണവും എടുത്ത് അടുക്കള വാതിൽ വഴി തന്നെ പുറത്തിറങ്ങുകയും ചെയ്തു.
Read Also: പൊള്ളാച്ചി കോളജ് വിദ്യാർത്ഥിനിയുടെ കൊലപാതകം: പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ
അടുക്കള വാതിൽ അടച്ച ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്. പ്രതിയായ അനീഷ് നാല് ദിവസത്തോളം സമീപത്തെ വീട്ടിൽ തങ്ങിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മോഷണശേഷം ഈ വീട്ടിലേക്ക് അനീഷ് കയറി പോകുന്നത് സമീപ വാസികൾ കണ്ടിരുന്നു. എടിഎമ്മിൽ നിന്ന് ഉച്ചയോടെ വീട്ടിൽ തിരികെ എത്തിയ വത്സല വൈകുന്നേരത്തോടെയാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതോടെ തണ്ണിത്തോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും, ഫിംഗർ പ്രിൻ്റ് വിദഗ്ദ്ധരും എത്തി തെളിവ് ശേഖരിച്ചിരുന്നു. അനീഷ് തങ്ങിയ വീടും തേക്ക് തോട് സ്വദേശിയായ രാജേഷിനെയും കേന്ദ്രീകരിച്ച് നടത്തിയ പൊലീസിൻ്റെ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികളെ തമിഴ്നാട്ടിൽ നിന്നും പിടികൂടുന്നത്. ഇരുവരെയും ഇന്ന് മോഷണം നടന്ന വീട്ടിൽ എത്തിച്ചു തണ്ണിത്തോട് പൊലീസ് തെളിവെടുപ്പ് നടത്തി. മോഷണ മുതലിൽ കുറച്ച് ഭാഗം കോന്നിയിലെ ധനകാര്യ സ്ഥാപനങ്ങളിൽ വിറ്റുവെന്നാണ് ഇവർ പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: Two persons arrested for stealing Gold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here