Advertisement

അപകടത്തിൽപെട്ട 37 പേരുടെ വിവരങ്ങൾ ലഭിച്ചു; 22 മരണം; സ്ഥിരീകരിച്ച് മന്ത്രി കെ രാജൻ

May 8, 2023
Google News 3 minutes Read
Images of Minister K Rajan and tanur Boat Accident

താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച ശേഷം മാന്ദ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 37 പേരിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു. കളക്ടറുടെ കണക്ക് അനുസരിച്ച് കോഴിക്കോട് ഉൾപ്പെടെ വിവിധ ആശുപത്രികളിലായി പത്ത് പേർ ചികിത്സയിലാണ്. അവരെ തിരിച്ചറിയാൻ സാധിച്ചു. അഞ്ച് പേർ ബോട്ടിൽ നിന്ന് നീന്തിക്കയറിയതായി പൊലീസും ഫയർഫോഴ്സും സ്ഥിരീകരിച്ചു. അപകടപ്പെട്ടത് സ്വകാര്യബോട്ട് ആയതിനാൽ അപകടത്തില്പെട്ടവരുടെ എണ്ണം രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഈ ദുരന്തത്തിൽ കൂടുതൽ ആളുകൾ ഇല്ലാതിരിക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി. Minister K Rajan confims 37 involved in accident with 22 deaths

സർക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ സേന അടക്കമുള്ള ഏഴ് ടീമുകൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൂടാതെ, പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രദേശത്തുണ്ട്. ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും രംഗത്തെത്തി. കളക്ടറുടെ നിർദേശ പ്രകാരം 20 പേർ അടങ്ങുന്ന ഒരു ദുരന്ത നിവാരണ സേനയെക്കൂടി അടിയന്തിരമായി എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിയിട്ടുണ്ടാകാം. അതിനാൽ, ആളുകളെ കാണാനില്ലെന്ന് സംസ്ഥാനം മുഴുവനായി ലഭിക്കുന്ന പരാതികളുമായി ഒത്തുനോക്കുന്നതിനാണ് നിലവിൽ തീരുമാനം. ഇതുവരെ അത്തരത്തിലുള്ള പരാതികൾ പൊലീസിനോ മറ്റ് ഏജൻസികൾക്കോ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ സർക്കാർ മുൻഗണന നൽകുന്നത്. തുടർന്ന്, വളരെ ഗൗരവത്തോട് ഈ വിഷയം സർക്കാർ ചർച്ച ചെയ്യും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രദേശവാസികൾക്ക് മന്ത്രി നന്ദി അറിയിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി രാവിലെ അപകട സ്ഥലത്ത് എത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: മുന്നറിയിപ്പ് അവഗണിച്ച് സർവീസ്; അപകടത്തിന് ശേഷം രോക്ഷാകുലരായ നാട്ടുകാർ ബോട്ട് ജെട്ടി പാലം കത്തിച്ചു

ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. എന്തെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ സമാന രീതിയുള്ള ലംഘനങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി.

Story Highlights: Minister K Rajan confims 37 involved in accident with 22 deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here