ധവാനു ഫിഫ്റ്റി; വരുൺ ചക്രവർത്തിയ്ക്ക് മൂന്ന് വിക്കറ്റ്; പഞ്ചാബിന് മികച്ച സ്കോർ

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസ് നേടി. 47 പന്തിൽ 57 റൺസ് നേടിയ ശിഖർ ധവാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി 26 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി.
മോശം തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ പ്രഭ്സിമ്രാൻ സിംഗ് (12) പുറത്തായി. ഹർഷിത് റാണയ്ക്കായിരുന്നു വിക്കറ്റ്. ഭാനുക രജപക്സയും (0) ഹർഷിതിനു മുന്നിൽ വീണു. മികച്ച തുടക്കം ലഭിച്ചെങ്കിലും ലിയാം ലിവിങ്സ്റ്റൺ (15) വരുൺ ചക്രവർത്തിയുടെ ഇരയായി മടങ്ങി. 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ നിന്ന് നാലാം വിക്കറ്റിൽ ശിഖർ ധവാനും ജിതേഷ് ശർമയും ചേർന്ന് പഞ്ചാബിനെ 100 കടത്തി. 18 പന്തിൽ 21 റൺസ് നേടിയ ജിതേഷിനെ വീഴ്ത്തിയ വരുൺ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 53 റൺസാണ് ധവാനുമൊത്ത് ജിതേഷ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ഇതിനിടെ 41 പന്തിൽ ധവാൻ ഫിഫ്റ്റി തികച്ചു. പിന്നാലെ നിതീഷ് റാണയുടെ പന്തിൽ ധവാൻ മടങ്ങി. ഋഷി ധവാനെ (19) വരുൺ ചക്രവർത്തിയും സാം കറനെ (4) സുയാഷ് ശർമയും മടക്കി അയച്ചു. 160 കടക്കില്ലെന്ന് വിചാരിച്ചെങ്കിലും അവസാന രണ്ട് ഓവറിൽ ഷാരൂഖ് ഖാനും ഹർപ്രീത് ബ്രാറും ചേർന്ന് നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. ഷാരൂഖും (8 പന്തിൽ 21) ബ്രാറും (9 പന്തിൽ 17) നോട്ടൗട്ടാണ്. അവസാന രണ്ട് ഓവറിൽ ഇരുവരും ചേർന്ന് 36 റൺസാണ് അടിച്ചുകൂട്ടിയത്.
Story Highlights: pbks innings kkr ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here