Advertisement

‘എന്തിനാണ് ഈ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നത്?’; കെ.കെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് വന്ദനയുടെ അച്ഛൻ

May 12, 2023
Google News 2 minutes Read

കെകെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് ഡോ.വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസ്. ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് മോഹൻദാസ് കെ കെ ശൈലജയോട് പറഞ്ഞു. ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. പലതും സഹിക്കാൻ ഞങ്ങൾക്ക് ആകുന്നില്ല. ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ. എന്തിനാണ് ഈ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നത്. അമ്മയുടെ ആഗ്രഹമായിരുന്നു വന്ദനയെ ഡോക്ടർ ആക്കുക എന്നത്. മൂന്നുമാസം കൂടി കഴിഞ്ഞാൽ വന്ദന തിരിച്ചു വീട്ടിൽ എത്തിയേനെയെന്നും അദ്ദേഹം പ്രതികരിച്ചു. ഡോ വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിയതായിരുന്നു മുൻ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെക ശൈലജ.

അതേസമയം പിജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സർജൻമാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും.

Read Also: പ്രതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ്, ആയുധം ഒളിപ്പിച്ച് വച്ച ശേഷമാണ് ആക്രമിച്ചത്; ഡോ. വന്ദനയുടെ സുഹൃത്തുക്കൾ

റസിഡൻസി മാന്വൽ കർശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സർക്കുലർ ഇറക്കും. വകുപ്പ് മേധാവികൾ വിദ്യാർത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. പിജി വിദ്യാർത്ഥികൾ ഹൗസ് സർജൻമാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

ഡോക്ടർമാർക്കൊപ്പമാണ് സർക്കാർ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സിസിടിവി ക്യാമറ ഉറപ്പാക്കും.

മുമ്പ് പിജി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച കാര്യങ്ങൾ കർശനമായി നടപ്പിലാക്കാൻ മന്ത്രി നിർദേശം നൽകി. ഹോസ്റ്റൽ സൗകര്യം അതാത് സ്ഥാപനങ്ങൾ പരിശോധിച്ച് മുൻഗണന നൽകാൻ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്‌റ്റൈപെന്റ് വർധനയ്ക്കുള്ള പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Dr Vandana’s father reacts emotionally to KK Shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here