ബോട്ട് യാത്രയോ പാരാഗ്ലൈഡിങ്ങോ മാത്രമല്ല, ടൂറിസ്റ്റുകള്‍ക്ക് വേണ്ടത് സമഗ്ര സുരക്ഷ; മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍

മലപ്പുറം താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ടൂറിസം രംഗത്തെ സുരക്ഷയും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ബോട്ടപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതും സുരക്ഷാക്രമീകരണങ്ങള്‍ വേണ്ടവിധത്തില്‍ നടപ്പാക്കാത്തതും സോഷ്യല്‍ മിഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്കും വഴിവച്ചു. സംസ്ഥാനത്ത് അടുത്ത് തന്നെ ഒരു ബോട്ടപകടം സംഭവിക്കുമെന്ന മുരളി തുമ്മാരുകുടിയുടെ വാക്കുകളും ചര്‍ച്ചയില്‍ വന്നു. അപകട സാധ്യതയും മുന്നൊരുക്കങ്ങളില്ലാത്തതും മുന്‍കൂട്ടി കണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇപ്പോള്‍ സുരക്ഷിതമായ ടൂറിസം ജനങ്ങള്‍ക്ക് നല്‍കേണ്ടതിന്റെ ഉത്തരവാദിത്തെ കുറിച്ച് മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.(Muralee Thummarukudy about tourist security)
‘താനൂരിലെ ബോട്ടപകടത്തിന്റെ സാഹചര്യത്തില്‍ ടൂറിസം രംഗത്തെ സുരക്ഷ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ഇത്തവണ മാധ്യമങ്ങളും കോടതിയും ഒക്കെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് ടൂറിസം എന്നത് ഭാവി കേരളത്തിന്റെ ഏറ്റവും വലിയ സാധ്യതയാണ്. പക്ഷെ അതിന് വളര്‍ച്ച ഉണ്ടാകണമെങ്കില്‍ ടൂറിസം സുരക്ഷിതമാകണം. ടൂറിസത്തിലെ സുരക്ഷ എന്നാല്‍ സുരക്ഷിതമായ ബോട്ട് യാത്രയോ പാരാഗ്ലൈഡിങ്ങോ മാത്രമല്ല.
സ്വദേശിയായ ഒരു ടൂറിസ്റ്റ് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ തിരിച്ച് വീട്ടില്‍ എത്തുന്നത് വരെയുള്ള സുരക്ഷ, മറുനാട്ടുകാരാണെങ്കില്‍ കേരളത്തില്‍ എത്തിയാല്‍ മടങ്ങി പോകുന്നത് വരെയുള്ള സുരക്ഷ, റോഡിലെ സുരക്ഷ, ജലാശയങ്ങളിലെ സുരക്ഷ, ഹോട്ടലുകളിലെ സുരക്ഷ (ഒറ്റപ്പെട്ടതാണെങ്കിലും ടൂറിസ്റ്റുകളെ ബലാത്സംഗം ചെയ്ത സംഭവങ്ങള്‍ ഉണ്ട്. ഒളി ക്യാമറ മുതല്‍ കമന്റടി വരെയുള്ള പ്രശ്‌നങ്ങള്‍ വേറെയും) പൊതു നിരത്തുകളിലെ സുരക്ഷ, (സദാചാര പൊലീസിംഗ് മുതല്‍ തുറിച്ചു നോട്ടം വരെ ടൂറിസ്റ്റുകളെ വെറുപ്പിക്കുന്ന പെരുമാറ്റങ്ങള്‍), ഡെങ്കിയും മലേറിയയും ഉണ്ടാകാതെയുള്ള സുരക്ഷ, വഴിയോരങ്ങളില്‍ പട്ടി കടിക്കാതെയുള്ള സുരക്ഷ, പൊതു ടാപ്പില്‍ നിന്ന് പോലും കുടിക്കുന്ന വെള്ളത്തിന്റെ സുരക്ഷ, ജലാശയങ്ങളില്‍ കുളിക്കാന്‍ പറ്റുന്ന തരത്തില്‍ വെള്ളത്തിന്റെ സുരക്ഷ എന്നിങ്ങനെ സമഗ്രമായ സുരക്ഷയാണ് ടൂറിസ്റ്റുകള്‍ക്ക് വേണ്ടത്.
Read Also: ഉരുൾ പൊട്ടിയ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം എങ്ങനെയാകണം; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഈ സുരക്ഷ ടൂറിസ്റ്റുകള്‍ക്ക് മാത്രം വേണ്ടതുമല്ല. എല്ലാവരുടെയും അവകാശമാണ്. ലോകത്ത് ചില രാജ്യങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമായി പൊലീസ് സംവിധാനങ്ങള്‍ ഒക്കെ ഉണ്ട്. ഒരു കണക്കിന് നല്ലതുമാണ്. പക്ഷെ മൊത്തം പോലീസിംഗ് സംവിധാനത്തിന്റെ തകര്‍ച്ചയാണ് അത് കാണിക്കുന്നത്. മറ്റു വിഷയങ്ങളും വ്യത്യസ്തമല്ല. നമ്മുടെ ജലാശയങ്ങളില്‍ ഓടുന്ന ബോട്ടുകള്‍ എല്ലാം സുരക്ഷിതമായിരിക്കണം. ടൂറിസത്തിന് ഉള്ളതാണെങ്കിലും മത്സ്യബന്ധനത്തിന് ഉള്ളതാണെങ്കിലും അത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉള്ള സംവിധാനം നമുക്ക് ഉണ്ട്. പക്ഷെ അത് കാര്യക്ഷമമായി നടപ്പിലാക്കണം.
ഇതൊന്നും ടൂറിസം മന്ത്രിയോ വകുപ്പോ ചെയ്യേണ്ട കാര്യങ്ങള്‍ അല്ല. പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ആണെങ്കിലും, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടമെന്റ് ആണെങ്കിലും, പൊതുജനാരോഗ്യ വകുപ്പാണെങ്കിലും അവരുടെ അധികാരപരിധിയില്‍ പൊതുജന സുരക്ഷക്കുള്ള കാര്യങ്ങള്‍ കൃത്യമായും സമയബന്ധിതമായും നടത്തണം.
അങ്ങനെ പൊതുവില്‍ സുരക്ഷിതമായ ഒരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകണം.
അങ്ങനെ സുരക്ഷ ഉറപ്പായ സംസ്ഥാനത്ത് ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുക, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള കണക്ടിവിറ്റി കൂട്ടുക, കൂടുതല്‍ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ തുറന്നു കൊടുക്കുക, ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കാനുള്ള പ്രസ്ഥാനങ്ങളെയും ഹോസ്പിറ്റാലിറ്റിക്കുള്ള മാനവശേഷിയും വികസിപ്പിക്കുക, നമ്മുടെ ബ്രാന്‍ഡ് ലോകത്ത് കൂടുതല്‍ പ്രമോട്ട് ചെയ്യുക, ടൂറിസ്റ്റുകള്‍ക്കും ടൂറിസം പ്രസ്ഥാനങ്ങള്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പരിഹരിക്കുക ഇതൊക്കെയാണ് ടൂറിസം മന്ത്രിയും വകുപ്പും ചെയ്യേണ്ടത്.
Read Also: മലഞ്ചെരുവിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുൻപ് എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? മുരളി തുമ്മാരുകുടി പറയുന്നു
ടൂറിസ്റ്റുകള്‍ക്ക് വേണ്ടി മാത്രം ഒരു സുരക്ഷ, ടൂറിസം ഡിപ്പാര്‍ട്ടമെന്റ് ഒരുക്കുന്ന സുരക്ഷ എന്നൊന്ന് പ്രായോഗികമല്ല. ഉള്ള വകുപ്പുകള്‍ സുരക്ഷ നിയമങ്ങള്‍ വേണ്ടപോലെ നടപ്പിലാക്കുക എന്നതാണ് പ്രധാനം. നിയമങ്ങളുടെ അഭാവമല്ല, അത് നടപ്പിലാക്കുന്നതിലെ മനപ്പൂര്‍വ്വമോ അല്ലാതെയോ ഉള്ള അനാസ്ഥയാണ് പലപ്പോഴും വിഷയമാകുന്നത്. ഇക്കാര്യത്തില്‍ ഒക്കെ സര്‍ക്കാരിന്റെയും കോടതിയുടേയും മാധ്യമങ്ങളുടെയും ശ്രദ്ധ നല്ലതാണ്. സുരക്ഷിതമായ ലോകം എല്ലാവരുടെയും അവകാശമാണ്.
Story Highlights: Muralee Thummarukudy about tourist security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here