ഇതള്‍ കൊഴിയുന്ന താമര; കര്‍ണാടകയിലെ ബിജെപി പരാജയത്തോടെ മാറിയ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെക്കുറിച്ച് വിശദമായി അറിയാം… – 24 Intractive
- കോണ്‍ഗ്രസ് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുമ്പോള്‍ ബിജെപിക്ക് നഷ്ടമാകുന്നത് ദക്ഷിണേന്ത്യയിലെ ഒരേഒരു പിടിവള്ളിയാണ്
- ഇതോടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി ഇടങ്ങള്‍ ചുരുങ്ങുക കൂടിയാണ്
കുതിരക്കച്ചവടത്തിന്റെ വിദൂര സാധ്യതകള്‍ പോലും തള്ളിക്കളയുന്ന വിധത്തില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുമ്പോള്‍ ബിജെപിക്ക് നഷ്ടമാകുന്നത് ദക്ഷിണേന്ത്യയിലെ ഒരേഒരു പിടിവള്ളിയാണ്. ഹിന്ദുത്വ ആശയങ്ങളുടെ ദക്ഷിണേന്ത്യയിലെ ലാബും ദക്ഷിണേന്ത്യയിലേക്കുള്ള സംഘപരിവാറിന്റെ വാതിലും കൂടിയാണ് കോണ്‍ഗ്രസ് തേരോട്ടത്തില്‍ അടഞ്ഞത്. ഇതോടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി ഇടങ്ങള്‍ ചുരുങ്ങുക കൂടിയാണ്. (Karnataka election 2023 India state-wise political map)
കോണ്‍ഗ്രസിന്റെ കൈയിലുള്ള സംസ്ഥാനങ്ങൾ
കര്‍ണാടക തൂത്തുവാരിയതോടെ കോണ്‍ഗ്രസ് നാലാമത്തെ സംസ്ഥാനമാണ് കൈപ്പിടിയില്‍ ഒതുക്കുന്നത്. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവയാണ് കോണ്‍ഗ്രസിന്റെ കൈയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. അതായത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 13.5 ശതമാനമുള്ള പ്രദേശങ്ങളെ കോണ്‍ഗ്രസ് കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്.
പിന്നെ, മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണ സഖ്യത്തിന്റെ ഭാഗമാണ്. മൊത്തം ജനസംഖ്യയുടെ 17% വരുന്ന ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നിവയാണ് ഇവ.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ഒന്‍പത് സംസ്ഥാനങ്ങളിലാണ് ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്നത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിങ്ങനെ ജനസംഖ്യയുടെ 34 ശതമാനത്തിലധികം ചേരുന്ന പ്രദേശങ്ങള്‍ ബിജെപിയുടെ കൈയിലാണ്. ഇതോടൊപ്പം സഖ്യത്തില്‍ ബിജെപിയുടെ കൈയില്‍ ആറ് സംസ്ഥാനങ്ങള്‍ കൂടിയുണ്ട്. മഹാരാഷ്ട്ര, ഹരിയാന, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് ഇവ. ഇത് ആകെ ജനസംഖ്യയുടെ 11.6 ശതമാനം വരും.
ബിജെപിയോ കോണ്‍ഗ്രസോ ഭരിക്കാത്ത സംസ്ഥാനങ്ങൾ
ഇനിയുള്ള 25 ശതമാനം ബിജെപിയോ കോണ്‍ഗ്രസോ ഭരിക്കാത്ത സംസ്ഥാനങ്ങളാണ്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാള്‍, മിസോറാം, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളാണ് ഭരിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കൈവന്ന മേല്‍ക്കൈ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് നിലവില്‍ കോണ്‍ഗ്രസ്.
Story Highlights: Karnataka election 2023 India state-wise political map
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here