കർണാടകയിലെ വിജയം കേരളത്തിനും ആവേശം; മുന്നിൽ നിന്ന് നയിച്ചവരിൽ കേരളത്തിലെ നേതാക്കളും..
കോൺഗ്രസിന്റെ കർണാടക വിജയം കേരളത്തിലെ കോൺഗ്രസിനും ആവേശം നൽകുകയാണ്. ഈ വിജയം കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. കർണാടകയിൽ പരാജയപ്പെട്ടിരുന്നെങ്കിൽ ഘടകകക്ഷികൾക്കും അണികൾക്കും കോൺഗ്രസിലുള്ള പ്രതീക്ഷയിൽ വീണ്ടും മങ്ങലേൽക്കുമായിരുന്നു. കേരളത്തിൽ രണ്ടാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കോൺഗ്രസിന്‍റെ പ്രവര്‍ത്തനത്തിൽ അതൃപ്തി അറിയിച്ചിരുന്നു.
കർണാടകയിൽ കോൺഗ്രസ് വിജയത്തിൽ പ്രധാന ഘടകമായത് ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം ചേർക്കാനായത് തന്നെയാണ്. കേരളത്തിൽ കോൺഗ്രസിനെതിരെ ബിജെപി ഉപയോഗിക്കുന്നതും ഇതേ തന്ത്രം തന്നെയാണ്. ന്യൂനപക്ഷ വിഭാഗത്തെ കോൺഗ്രസിൽ നിന്ന് അടർത്തി മാറ്റാൻ ബിജെപി ആരംഭിച്ച ശ്രമങ്ങൾക്കെതിരെ ഫലപ്രദമായ ഇടപെടൽ നടത്താൻ കർണാടക വിജയം പാർട്ടിയെ സഹായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
2019ലെ വിജയം ആവർത്തിക്കാനായില്ലെങ്കിലും കർണാടക വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ സഹായിക്കുമെന്ന പ്രതീക്ഷിയിലാണ് പാർട്ടി.കർണാടകയിൽ കോൺഗ്രസിന്‍റെ വിജയങ്ങൾക്ക് തന്ത്രങ്ങൾ നെയ്ത സുനിൽ കനഗോലുവിനെ ലോക്സഭാ തിരഞ്ഞെടുപ്പിനായി കേരളത്തിലെത്തിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നേതാക്കൾ തമ്മിലുള്ള അനൈക്യം, താഴേത്തട്ടിൽ നേതാക്കളെയും പാർട്ടിയെയും സജ്ജമാക്കൽ, സർക്കാരിനെതിരെയുള്ള പ്രചാരണ വിഷയങ്ങൾ എന്നിവ അവലോകനം ചെയ്ത് സുനിലിന്‍റെ നേതൃത്വത്തിലുള്ള ടീം പദ്ധതികൾ ആവിഷ്ക്കരിക്കും.
നേരത്തെ തന്നെ ബത്തേരിയിലെ നടന്ന നേതൃയോഗത്തിൽ നേതാക്കൾ തമ്മിലുള്ള അനൈക്യം മാറ്റാനുള്ള നിർദേശങ്ങൾ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുന്നോട്ടുവച്ചിരുന്നു. കർണാടകയിലെ വിജയം പരിശോധിക്കുകയാണെങ്കിൽ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് താഴേത്തട്ടിൽ പ്രവർത്തനം ശക്തമാക്കിയതാണ് കോൺഗ്രസിന് ഏറെ ഗുണം ചെയ്തത്. ഇത് കോൺഗ്രസിന് മുന്നിലുള്ള വലിയൊരു ഉദാഹരണം തന്നെയാണ്.
കർണാടക വിജയത്തിൽ കേരളത്തിലെ നേതാക്കൾക്കും വലിയ പങ്കുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് കെ.സി.വേണുഗോപാലാണ്. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കേരളത്തിലെ നേതാക്കളും എംപിമാരും എംഎൽഎമാരും സജീവമായിരുന്നു. കെ.സി. വേണുഗോപാലിനൊപ്പം കർണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല, ഡി.കെ.ശിവകുമാർ, സിദ്ധരാമയ്യ, പ്രചാരണ സമിതി അധ്യക്ഷൻ എം.ബി.പാട്ടീൽ തുടങ്ങിയവരുടെ ടീമാണ് പ്രചാരണങ്ങൾക്കും തന്ത്രങ്ങളൊരുക്കാനും മാസങ്ങളായി പ്രവർത്തിച്ചത്.
Story Highlights: The victory in Karnataka is also a source of pride in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here