തെരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വെക്കുന്നത് കന്നട രാഷ്ട്രീയത്തിലെ മാറിയ സ്ഥിതിഗതികൾ; മൂന്ന് വസ്തുതകൾ പരിശോധിക്കാം
ഭരണകക്ഷിയായ ബിജെപിയെ നിലംപരിശാക്കികൊണ്ട് കർണാടക രാഷ്ട്രീയത്തിൽ കോൺഗ്രസ് നേടിയ വിജയം മുന്നോട്ട് വെക്കുന്നത് സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതികളെയാണ്. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ 104 സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്ന ബിജെപിക്ക് ഇത്തവണ നേടാൻ സാധിച്ചത് 65 സീറ്റുകൾ മാത്രം. ജെഡിഎസിനാകട്ടെ അവരുടെ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ട് വിഹിതമാണ് ഈ തെരഞ്ഞെടുപ്പിലേത്. കഴിഞ്ഞ തവണ 80 സീറ്റ് മാത്രം ലഭിച്ച കോൺഗ്രിസിന് ഇത്തവണ ലഭിച്ചത് 136 സീറ്റുകൾ. ദേശീയ രാഷ്ട്രീയം സൂക്ഷ്മമായി വീക്ഷിച്ച കർണാടക തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇന്ന് പുറത്ത് വരുമ്പോൾ വിജയം കൊയ്തത് കോൺഗ്രസ്സാണ്. കന്നട രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ അപ്രസക്തമാക്കിയുള്ള കോൺഗ്രിസിന്റെ വിജയം മുന്നോട്ട് വെക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ മാറുന്ന സ്ഥിതിഗതികളാണ്. Three factors that led to Congress’s victory in Karnataka election
അഹിന്ദയുടെ (ദളിത് ന്യൂനപക്ഷങ്ങൾ) തിരിച്ചുവരവ്
1989 ന് ശേഷം 43% വോട്ട് വിഹിതത്തോടെ കോൺഗ്രസ് കർണാടകയിൽ ചുവടുറപ്പിക്കുമ്പോൾ നിർണായകമായത് അഹിന്ദയുടെ വോട്ടുകളാണ്. ദളിത് ന്യൂനപക്ഷങ്ങളായ അഹിന്ദ വിഭാഗങ്ങളെ കൂടെനിർത്തി കർണാടക രാഷ്ട്രീയത്തിൽ ലിംഗായത്തുകളും വൊക്കലിഗകളും പുലർത്തിയിട്ടിരുന്ന ജാതി സമവാക്യങ്ങളും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രസക്തമാക്കി. കന്നഡ രാഷ്ട്രീയത്തിൽ 1970കളിൽ ലിംഗായത്തുകളും വൊക്കലിഗകളും മുന്നോട്ട് വെക്കുന്ന നിർണായ സ്വാധീനത്തെ ചെറുക്കൻ കോൺഗ്രസ് നേതാവായ ദേവരാജ് ഉർസ് മുന്നോട്ട് വെച്ച തന്ത്രമായിരുന്നു അതിനാ വിഭാഗത്തെ കൂടെ നിർത്തുക എന്നത്. പ്രദേശികാടിസ്ഥാനത്തിൽ വിശകലനം ചെയ്‌താൽ മധ്യ കർണാടകയും തെക്കൻ കർണാടകയും ലിംഗായത്തുകളുടെയും വൊക്കലിഗകളുടെയും ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളാണ്. ബിജെപിക്കും ജെഡിഎസിനും വോട്ട് വിഹിതമുള്ള ഈ പ്രദേശങ്ങളിൽ ഇത്തവണ കോൺഗ്രസ് ഉണ്ടാക്കിയ മുന്നേറ്റത്തിന് കാരണം ലിംഗായത്ത് – വൊക്കലിഗ ഇതര വോട്ടുകൾ ആയിരുന്നു.
ബിജെപിയെ ചതിച്ച ഹിന്ദുത്വ രാഷ്ട്രീയം
ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെച്ചു ഭാവിയിൽ ബിജെപിക്ക് ഏറെ ദൂരം പോകാൻ സാധിക്കില്ല എന്നതിന്റെ തെളിവാണ് കർണാടക തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. ഹിജാബ് നിരോധനം മുതൽ ബജ്‌രംഗ് ബലിയെ മുൻ നിർത്തി സംസ്ഥാനത്ത് ഹിന്ദുത്വ വികാരം ഉയർത്താനുള്ള ബിജെപി നീക്കം വിഫലമായി. കാരണം, സംസ്ഥാനത്ത് വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ എല്ലാ മേഖയിലും ആതിപത്യം സ്ഥാപിക്കാൻ കോൺഗ്രസിന് സാധിച്ചു. കൂടാതെ, ഏറ്റവും അധികം വർഗീയ ധ്രുവീകരണം നടക്കുന്ന തീരദേശ മേഖല ബിജെപിയെ കൈവിട്ടതും ഈ പ്രസ്താവനയെ സാധൂകരിക്കുന്നു. വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്താൻ ഹിന്ദുത്വ കാർഡിന് സാധിക്കുമെങ്കിലും അവരെ നിലനിർത്തുന്നതിന് ഒരിക്കലും പര്യാപ്തമല്ല.
കോൺഗ്രസ് മുന്നോട്ട് വെച്ച സാമ്പത്തിക സഹായ വാഗ്ദാനങ്ങൾ
അഹിന്ദ വിഭാഗത്തെ കൂടെ നിർത്തുന്നതിനൊപ്പം സംസ്ഥാനത്ത് ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി കോൺഗ്രസ് മുന്നോട്ട് വെച്ച സഹായ പദ്ധതികൾ ഫലത്തെയും സ്വാധീനിച്ചു. സ്ത്രീകൾക്കും തൊഴിലില്ലാത്തവർക്കും സാമ്പത്തിക സഹായം, സൗജന്യ ഭക്ഷ്യ ധാന്യം, സബ്‌സിഡി നിരക്കിൽ വൈദ്യുതിയും ഗ്യാസ് സിലിണ്ടറുകളും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ദാരിദ്രമനുഭവിക്കുന്ന പ്രദേശങ്ങളിൽ കോൺഗ്രസിന് ലഭിച്ച ഉയർന്ന വോട്ട് വിഹിതം ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നു. ഈ നീക്കം ദേശീയ തലത്തിൽ കോൺഗ്രസ് നടത്തിയാൽ ബിജെപിക്ക് പ്രതിസന്ധിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
Story Highlights: Three factors that led to Congress’s victory in Karnataka election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here