Advertisement

വ്യക്തിപ്രഭാവവും സ്ഥിരം പ്രചാരണതന്ത്രങ്ങളും എല്ലായിടത്തും വിറ്റുപോകുമോ? കര്‍ണാടക ബിജെപിയെ പഠിപ്പിക്കുന്ന ചില പാഠങ്ങള്‍

May 13, 2023
Google News 2 minutes Read
Karnataka Election 2023 live updates lessons for bjp

തിരിച്ചടി നേരിട്ടെന്നും നിലംപരിശായെന്നും പാര്‍ട്ടി അന്ത്യത്തോടടുക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലമായി തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ കേട്ടുവന്നിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് രോമാഞ്ചമുണ്ടാക്കുന്ന വിജയമാണ് കന്നഡ മണ്ണ് നേടിക്കൊടുത്തത്. ഹിജാബ് നിരോധനം മുതലിങ്ങോട്ടുള്ള പല പരീക്ഷണങ്ങളും നടത്താനുള്ള ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ലാബായ കര്‍ണാടക കൈവിട്ടതോടെ ദക്ഷിണേന്ത്യ ബിജെപി മുക്തമാകുകയുമാണ്. റോഡ് ഷോകളിലും റാലികളിലും ഉള്‍പ്പെടെ കത്തിക്കയറിയ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുടെ പ്രചാരണമൊന്നും ഫലം കണ്ടതേയില്ല. 2024ലെ തെരഞ്ഞെടുപ്പിന്റെ പടിവാതുക്കള്‍ എത്തിനില്‍ക്കുമ്പോള്‍ ബിജെപിയ്ക്ക് ഏറ്റ ഈ തെക്കന്‍ ഷോക്ക് ചില മറന്നുപോകാത്ത പാഠങ്ങള്‍ ബിജെപിയെ പഠിപ്പിക്കുന്നുണ്ട്. (Karnataka Election 2023 live updates lessons for bjp)

ഡബിള്‍ എഞ്ചിന്‍ ട്രബിളായി, നിലം മറന്ന് പ്രചാരണം

നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും വ്യക്തിപ്രഭാവത്തിലോ ഡബിള്‍ എഞ്ചിന്‍ കേന്ദ്രസര്‍ക്കാര്‍ എന്ന പ്രചാരണത്തിലോ എല്ലാ സംസ്ഥാനങ്ങളിലും വോട്ട് തൂത്തുവാരാമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിനാണ് വിള്ളലേറ്റിരിക്കുന്നത്. ഇവിടെ ബിജെപി മനസിലാക്കേണ്ടുന്ന ഒരു സുപ്രധാന പാഠം ഓരോ സംസ്ഥാനങ്ങളുടേയും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കാത്ത പ്രചാരണം ഏല്‍ക്കില്ല എന്നതാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനങ്ങളേയും അവിടുത്തെ ജനതയേയും മനസിലാക്കണമെന്നും നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാലേക്കൂട്ടി പരിഹരിക്കണമെന്നുമുള്ള പാഠമാണ് ഈ വന്‍പരാജയത്തിലൂടെ ബിജെപി പഠിക്കേണ്ടത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

പാര്‍ട്ടി പ്രാദേശിക നേതാക്കളെ കൈവിടരുത്

സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ തുടങ്ങിയ സംസ്ഥാന നേതാക്കളുടെ പ്രചാരണവും പ്രാദേശിക നേതാക്കളുടെ ഒരേ മനസോടെയുള്ള പ്രവര്‍ത്തനവും കോണ്‍ഗ്രസിന് അനുഗ്രഹമായി. അതേസമയം ഏറെ ദൂരത്തുള്ള ഹൈക്കമാന്‍ഡില്‍ നിന്ന് പ്രാദേശിക വിഷയങ്ങള്‍ മനസിലാക്കാതെയുള്ള കെട്ടിയിറക്കിയ ആശയങ്ങള്‍ മൂലം ബിജെപി പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉപേക്ഷിക്കപ്പെട്ടുവെന്ന തോന്നലാണ് ഇത്തവണ ഉണ്ടായത്. സ്ത്രീകളുടേയും യുവാക്കളുടേയും ഉന്നമനം, ഗതാഗത മേഖലയിലെ മെച്ചപ്പെടുത്തല്‍, അന്ന ഭാഗ്യ സ്‌കീം തുടങ്ങിയ ജനങ്ങളെ തൊട്ടറിയുന്ന കോണ്‍ഗ്രസ് പ്രഖ്യാപനങ്ങളെ ഒന്ന് അഭിമുഖീകരിക്കാന്‍ പോലും ബിജെപിക്ക് കഴിഞ്ഞില്ല.

ബസവരാജ് ബൊമ്മൈ ഫാക്ടര്‍

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഭരണത്തിന് വിചാരിച്ച അത്ര തിളങ്ങാനായില്ലെന്ന് മാത്രമല്ല അഴിമതി, കമ്മിഷന്‍ വിവാദങ്ങള്‍ നിരന്തരം വേട്ടയാടി. ബൊമ്മെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വേണ്ടത്ര ഊര്‍ജം പ്രദര്‍ശിപ്പിച്ചില്ല.

യെദ്യൂരപ്പയെ പാര്‍ട്ടി ഓണ്‍-ഓഫ് എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന വിധം

ലിംഗായത്ത് കുലപതി ബി എസ് യെദ്യൂരപ്പയെ പാര്‍ട്ടി പാര്‍ശ്വവത്കരിക്കുന്നതും ഇടക്കിടെ ഉപയോഗിക്കുകയും ഇടക്കിടെ തഴയുകയും ചെയ്യുന്ന രീതിയും ബിജെപിക്കുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. ലിംഗായത്തുകളെ കൂടെ നിര്‍ത്താനോ അതോടൊപ്പം തന്നെ നഗരവോട്ടുകളെ കൈപ്പിടിയില്‍ ഒതുക്കാനോ കഴിയാതെ പോയത് ബിജെപിക്ക് വന്‍വീഴ്ചയായി.

Story Highlights: Karnataka Election 2023 live updates lessons for bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here