യുഎസിൽ നിന്ന് ഇന്ത്യയിലേക്ക്; 53 ദിവസത്തിനുള്ളിൽ 23 രാജ്യങ്ങളിൽ മകനോടൊപ്പം റോഡ് യാത്ര

തന്റെ ടൊയോട്ട ടകോമ പിക്കപ്പ് ട്രക്കിൽ യുഎസ്എയിൽ നിന്ന് ഇന്ത്യയിലെ ജലന്ധറിലേക്ക് അവിശ്വസനീയ യാത്ര നടത്തി ലഖ്‌വീന്ദർ സിംഗ്. 53 കാരനായ ലഖ്‌വീന്ദർ സിംഗിന്റെ സാഹസികമായ റോഡ് യാത്ര ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. 53 ദിവസങ്ങൾക്കുള്ളിൽ 23 രാജ്യങ്ങളിലായി 22,000 കിലോമീറ്ററാണ് ലഖ്‌വീന്ദർ താണ്ടിയത്.
ഏറ്റവും പരിചയസമ്പന്നരായ സാഹസികരെപ്പോലും ഞെട്ടിപ്പിക്കുന്ന വെല്ലുവിളികൾ ലഖ്‌വീന്ദർ സിംഗ് ഈ യാത്രയിൽ നേരിട്ടു. എങ്കിലും അവയെല്ലാം കീഴടക്കിയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിംഗ് തന്റെ യാത്രയ്ക്ക് ധനസഹായം നൽകുന്നതിന് സ്പോൺസർഷിപ്പുകളൊന്നും എടുത്തില്ല. മറിച്ച് സ്വന്തം പണം ഉപയോഗിച്ചാണ് യാത്ര പൂർത്തിയാക്കിയത്. സിംഗ് തന്റെ സ്വന്തം പണത്തിൽ നിന്ന് ഒരു കോടിയിലധികം രൂപയാണ് യാത്രയ്ക്കായി ചെലവഴിച്ചത്.
ലഖ്‌വീന്ദർ സിംഗ് 22,000 കിലോമീറ്റർ ദൂരം പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ യാത്ര റോഡുകളെ മാത്രം ആശ്രയിച്ചായിരുന്നില്ല. ഇന്ത്യയും യു.എസ്.എയും തമ്മിൽ സമുദ്രങ്ങൾ വഴി വേറിട്ടുനിൽക്കുന്നതിനാൽ റോഡിനെ മാത്രം ആശ്രയിച്ച് യാത്ര സാധ്യമല്ല. സിംഗ് ആദ്യം തന്റെ കാർ യുകെയിലേക്കാണ് അയച്ചത്. അവിടെ നിന്ന് റോഡിലൂടെ യാത്ര തുടങ്ങി. ലണ്ടനിൽ നിന്ന് ഫ്രാൻസിലെ പാരീസിലേക്ക് തന്റെ കാർ എടുത്തു.
ഡ്രൈവർമാർക്ക് ഇഷ്ടംപോലെ വേഗത്തിൽ വാഹനമോടിക്കാൻ സ്വാതന്ത്ര്യമുള്ള ജർമനിയിലെ ഓട്ടോബാനിലും സിംഗ് വാഹനം ഓടിച്ചു. യാത്രയ്ക്കിടെ, സിംഗിന് വിവിധ രാജ്യങ്ങളിൽ പിഴയും നേരിടേണ്ടി വന്നു. അമിത വേഗത്തിന് നാല് തവണയാണ് പിഴ അടച്ചത്. സെർബിയയിൽ ഒന്ന്, തുർക്കിയിൽ രണ്ട്, പാകിസ്ഥാനിൽ ഒന്ന് എന്നിങ്ങനെയാണ് പിഴ നേരിട്ടത്.
ലോക്ക്ഡൗൺ കാലത്ത് 2 മാസത്തിലേറെയായി വീട്ടിൽ കുടുങ്ങിയപ്പോഴാണ് ഒരു റോഡ് ട്രിപ്പ് പോകാനുള്ള ആശയം തന്നിൽ ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. മുഴുവൻ യാത്രയും ആസൂത്രണം ചെയ്യാനും യാത്ര ആരംഭിക്കാനും തനിക്ക് ഏകദേശം മൂന്ന് വർഷമെടുത്തുവെന്ന് സിംഗ് പറഞ്ഞു. സിംഗും യാത്രയിൽ തനിച്ചായിരുന്നില്ല. അദ്ദേഹത്തോടൊപ്പം മകനും ഉണ്ടായിരുന്നു. യൂട്യൂബ് ചാനലായ റൈഡ് ആൻഡ് ഡ്രൈവുമായുള്ള അഭിമുഖത്തിലാണ് അത്തരമൊരു ഇതിഹാസ സാഹസികതയിലേക്ക് പോകാനുള്ള തന്റെ പ്രചോദനത്തെക്കുറിച്ച് ലഖ്‌വീന്ദർ സിംഗ് തുറന്നുപറഞ്ഞത്.
Story Highlights: Man travels 23 countries in 53 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here