കർണാടക തെരഞ്ഞെടുപ്പ്: താമരക്ക് തടയിട്ടവരിൽ യെദ്യൂരപ്പയുടെ വിശ്വസ്തരും

കർണാടകയിൽ ബിജെപിയുടെ വിജയമോഹം കെടുത്തിയവരിൽ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വിശ്വസ്തരും. ബി ജെ പി വിട്ട് മറ്റു പാർട്ടികളുടെ സ്ഥാനാർത്ഥികളായി മത്സരിച്ച ഇവർ പത്തിടങ്ങളിലെങ്കിലും ബിജെപി സ്ഥാനാർത്ഥികളുടെ തോൽവിക്ക് ഇടയാക്കി. Yeddyurappa’s loyalists block BJP seats in Karnataka elections
യെദ്യൂരപ്പയെ പിണക്കിയാൽ പാർട്ടിക്ക് തിരിച്ചടി എന്നതാണ് ബിജെപിയെ കർണാടക പഠിപ്പിച്ച പാഠം. 2013-ൽ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് യെദ്യൂരപ്പ കർണാടക ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ താമര വാടിയതാണ്. ഇത്തവണ പത്തിടത്തെങ്കിലും ബിജെപിക്ക് പാരയായത് യദ്യൂരപ്പയുടെ മുൻ വിശ്വസ്തരാണ്. ലിംഗായത്ത് സ്വാധീനമേഖലകളിൽ ബിജെപിക്ക് വ്യാപക വോട്ടു ചോർച്ചക്കും ഇവർ വഴിയൊരുക്കി.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പലരും കണക്കാക്കിയ ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചിക്കമംഗലൂരിൽ 5926 വോട്ടിന് തോറ്റത് യെദ്യൂരപ്പ അനുകൂലിയായിരുന്ന എച്ച് ഡി തമ്മയ്യയോടായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തമ്മയ്യ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നത്. 4 തവണ എംഎൽഎയായിരുന്ന സി ടി രവിക്കായി യെദ്യൂരപ്പ പ്രചാരണത്തിന് വന്നതുമില്ല. മുടിഗേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി നയന ജവഹറിൻ്റെ ജയം 722 വോട്ടിനായിരുന്നു. ഇവിടെ ബിജെപി വിട്ട് ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച യദ്യൂരപ്പ അനുയായി എം.പി. കുമാരസ്വാമിയാണ് താമര വിരിയാൻ തടസമായത്.
Read Also: മാനനഷ്ടക്കേസിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്
കഴിഞ്ഞ ഡിസംബറിൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന യുബി ബനാകർ ഹിരെകേരൂർ മണ്ഡലത്തിൽ കൃഷിമന്ത്രി ബി സി പാട്ടീലിനെ തോൽപ്പിച്ചു. ചിക്കനായകന ഹള്ളിയിൽ നിയമമന്ത്രി ജെ സി മധുസ്വാമിയുടെ തോൽവിക്കിടയാക്കിയത് ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയ കിരൺ കുമാറാണ്. ചന്നഗിരിയിൽ മുൻ ബിജെപി എംഎൽഎ മദൻ വിരൂപാക്ഷ സ്വതന്ത്രനായി മത്സരിച്ച് 21467 വോട്ട് നേടി. ഇവിടെ ബിജെപി സ്ഥാനാർത്ഥി തോറ്റത് 16435 വോട്ടിനാണ്.
Story Highlights: Yeddyurappa’s loyalists block BJP seats in Karnataka elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here