മികച്ച തുടക്കം മുതലെടുക്കാനാവാതെ മുംബൈ; അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ ലക്നൗവിൻ്റെ ജയം 5 റൺസിന്

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് നിർണായക ജയം. 5 റൺസിനാണ് ലക്നൗ മുംബൈയെ വീഴ്ത്തിയത്. ലക്നൗ മുന്നോട്ടുവച്ച 178 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 172 റൺസ് നേടാനേ സാധിച്ചുള്ളൂ. 39 പന്തിൽ 59 റൺസ് നേടിയ ഇഷാൻ കിഷൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ലക്നൗവിനായി രവി ബിഷ്ണോയും യാഷ് താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. (lsg won mumbai indians)
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് വിസ്ഫോടനാത്‌മക തുടക്കമാണ് കിഷനും രോഹിതും ചേർന്ന് നൽകിയത്. ഇരുവരും ആക്രമിച്ചുകളിച്ചപ്പോൾ മുംബൈ ഓവറിൽ 10 റൺസ് എന്ന നിലയിൽ സ്കോർ ചെയ്തു. 10ആം ഓവറിൽ രോഹിത് ശർമയെ (25 പന്തിൽ 37) പുറത്താക്കിയ രവി ബിഷ്ണോയ് ലക്നൗവിന് ബ്രേക്ക് ത്രൂ നൽകി. കിഷനുമൊത്ത് 90 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് രോഹിത് മടങ്ങിയത്. ഏറെ വൈകാതെ കിഷൻ ഫിഫ്റ്റി തികച്ചു. 34 പന്തിലാണ് കിഷൻ തൻ്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. ഏറെ വൈകാതെ കിഷനെയും ബിഷ്ണോയ് മടക്കി അയച്ചു.
Read Also: തകർച്ച അതിജീവിച്ച് ലക്നൗ; മുംബൈയെ പഞ്ഞിക്കിട്ട് സ്റ്റോയിനിസ്; രോഹിതിനും സംഘത്തിനും വിജയലക്ഷ്യം 178 റൺസ്
കിഷൻ മടങ്ങിയതോടെ മുംബൈയുടെ സ്കോറിംഗ് നിരക്ക് താഴ്ന്നു. നേഹൽ വധേരയും സൂര്യകുമാർ യാദവും ബുദ്ധിമുട്ടിയതോടെ ലക്നൗ കളിയിൽ പിടിമുറുക്കി. കൃണാൽ പാണ്ഡ്യ, രവി ബിഷ്ണോയ് എന്നിവരുടെ കൃത്യതയാർന്ന ബൗളിംഗും ഈ സമയത്ത് നിർണായകമായി. 15ആം ഓവറിൽ സൂര്യകുമാർ യാദവ് (7) പുറത്തായത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി. യാഷ് താക്കൂറിനായിരുന്നു വിക്കറ്റ്. നേഹൽ വധേര ടൈമിങ്ങ് കണ്ടെത്താൻ ബുദ്ധിമുട്ടിയതും മുംബൈയെ പിന്നോട്ടടിച്ചു. 20 പന്തിൽ 16 റൺസ് നേടിയ വധേരയെ 17ആം ഓവറിൽ മൊഹ്സിൻ ഖാൻ പുറത്താക്കി. ആറാം നമ്പറിലെത്തിയ വിഷ്ണു വിനോദ് 2 റൺസ് എടുത്ത് പുറത്തായതോടെ മുംബൈ പരാജയം ഉറപ്പിച്ചു. ഒരു നോ ബോൾ അടക്കം 19ആം ഓവറിൽ മുംബൈ 19 റൺസ് നേടിയതോടെ അവസാന ഓവറിൽ വിജയലക്ഷ്യം 11 റൺസ്. ഓവറിൽ വെറും 5 റൺസ് വിട്ടുനൽകിയ മൊഹ്സിൻ ഖാൻ ലക്നൗവിന് അവിസ്‌മരണീയ ജയം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് ആണ് നേടിയത്. 47 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന മാർക്കസ് സ്റ്റോയിനിസ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ ആയി. 49 റൺസ് നേടിയ കൃണാൽ പാണ്ഡ്യയും ലക്നൗവിനായി നിർണായക പ്രകടനം നടത്തി. മുംബൈ ഇന്ത്യൻസിനു വേണ്ടി ജേസൻ ബെഹ്റൻഡോർഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Story Highlights: lsg won mumbai indians ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here