അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ; കെ. സുധാകരൻ

ഇടതുപക്ഷ സർക്കാരല്ല, കമ്മീഷൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അരി ചാമ്പാൻ അരിക്കൊമ്പനും ചക്ക ചാമ്പാൻ ചക്കക്കൊമ്പനുമുണ്ടെങ്കിൽ കേരളം ചാമ്പാൻ ഇറങ്ങിയിരിക്കുന്നത് ഇരട്ടച്ചങ്കനാണെന്നും മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസ് അങ്ങേയറ്റം നിഷ്ക്രിയമായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഒരു നിയമസംവിധാനം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടുള്ള യുഡിഎഫ് സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ( KPCC president K Sudhakaran mocks Pinarayi Vijayan ).
ഡോ വന്ദനയുടെ കൊലപാതകത്തിൽ പൊലീസ് നോക്കി നിൽക്കുകയായിരുന്നു. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. താനൂരിലെ ബോട്ടപകടത്തിൽ ഉത്തരവാദി സർക്കാരാണ്. താനൂർ ഭരിക്കുന്നത് അധോലോകമാണ്.
ബോട്ടപകടത്തിൻ്റെ ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രിയും സർക്കാരും പറയണം. കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഒഴുകുകയാണ്. ഹൈസ്കൂൾ തലത്തിൽ പോലും ചരസ് വിൽപ്പന നടക്കുന്നുണ്ട്. എല്ലാകാലവും ഐക്യ ജനാധിപത്യ മുന്നണി സമാധാനം പാലിക്കില്ലെന്നും വലിയ സമരത്തിന് യുഡിഎഫ് രൂപം കൊടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരാണെന്ന് സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ടുള്ള സമരവേദിയിൽ രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു. സമരം തുടരും, സെക്രട്ടറിയേറ്റ് വളയൽ സമരങ്ങളുടെ ആദ്യഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് അംഗീകരിക്കില്ല. റിപ്പോർട്ട് ചവറ്റുകൊട്ടയിലെറിയും. ഉച്ചയ്ക്ക് ശേഷം വിശദമായ വാർത്ത സമ്മേളനം നടത്തുമെന്നും രമേശ് ചെന്നിത്തല ട്വന്റി ഫോറിനോട് പറഞ്ഞു.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയതിനാൽ വി.ഡി. സതീശന് തലയിൽ മുണ്ടിടാതെ നടക്കാമെന്ന് കെ.എൻ ബാലഗോപാൽ തിരിച്ചടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയർത്തി പിടിച്ചാണ് നടക്കുന്നത്. കേരളത്തിനുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറക്കുകയാണ്. വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിനുള്ള ഗ്രാന്റ് വെട്ടിക്കുറച്ചതിനെ സംബന്ധിച്ച് യുഡിഎഫിന് മൗനം പാലിക്കുകയാണെന്നും കെ.എൻ ബാലഗോപാൽ ആരോപിച്ചു.
Story Highlights: KPCC president K Sudhakaran mocks Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here