തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിർണ്ണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടുത്തത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഗൗരവമുള്ള അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്. സ്വർണ്ണക്കടത്തും റോഡിലെ ക്യാമറയും വിവാദമായപ്പോൾ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളിൽ തീപിടിത്തം നടന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയാം.(V D Satheesan on Medical service coporation fire)
കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നത്. ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടിത്തം നടന്നതെന്ന് പറയുന്നത് അവിശ്വസനീയമാണ്.
Read Also: രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി; പ്രതി യുപി സ്വദേശി
അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വി ഡി സതീശൻ പറഞ്ഞു. ആവശ്യത്തിൽ കൂടുതൽ മരുന്ന് വാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നത്. പർച്ചേസിന് വലിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. അഴിമതിയുടെ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥർ ഓടി ഒളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചെർത്തു.
Story Highlights: V D Satheesan on Medical service coporation fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here