Advertisement

‘ലെറ്റ്‌ ബി സേഫ്’: ജീവന്റെ വിലയുള്ള ‘അറിവ്’ പകർന്ന് അഗ്നിരക്ഷാ സേന

May 25, 2023
Google News 1 minute Read
Ente Keralam Mega Exhibition

നിത്യജീവിതത്തിൽ നമുക്ക് മുന്നിൽ അപകടങ്ങളുണ്ടാകുമ്പോൾ ആത്മസംയമനവും കൃത്യമായ ഇടപെടലും വഴി പല ജീവനുകൾ രക്ഷിക്കാനാകും. അപകട സന്ദർഭങ്ങളിൽ ചെയ്യേണ്ട ജീവൻരക്ഷാ മാർഗങ്ങൾ നേരിൽ കണ്ട് പഠിക്കാനുള്ള അവസരമാണ് എന്റെ കേരളം മെഗാ മേളയിൽ അഗ്നിരക്ഷാ സേന ഒരുക്കിയിട്ടുള്ളത്. ഹൃദയസ്തംഭനം, തൊണ്ടയിൽ ഭക്ഷണം കുടുങ്ങുക, പാമ്പുകടി, വെള്ളത്തിൽ മുങ്ങിപ്പോവുക, തീപ്പിടുത്തം തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തരമായി നൽകേണ്ട പ്രഥമ ശുശ്രൂഷയുടെ വിശദമായ വിവരണവും പരിശീലനവും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ നൽകും.

ബഹുനില മന്ദിരങ്ങളിൽ തീപിടുത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. പ്രഥമ ശുശ്രൂഷ പരിശീലനത്തിന് പുറമേ അഗ്നിശമനരക്ഷാ സേന ഉപയോഗിക്കുന്ന അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങൾ, അവയുടെ പ്രവർത്തനം എന്നിവ വിശദമായി മനസിലാക്കാം.

ഇതോടൊപ്പം കടപുഴകിയ വൻമരങ്ങൾ മുറിച്ചു മാറ്റുന്നതിനും അപകടത്തിൽപ്പെട്ട് തകർന്ന വാഹനങ്ങളുടെ ഭാഗങ്ങൾ വേർപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങൾ, വെള്ളത്തിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന സ്ക്യൂബ സ്യൂട്ട്, ഓക്സിജൻ കുറവുള്ള ഘട്ടങ്ങളിലും വിഷവാതകങ്ങൾ ഉള്ള പ്രദേശങ്ങളിലും ഉപയോഗിക്കുന്ന സ്കാബ സ്യൂട്ട്, ഫയർമാൻ സ്യൂട്ട്, വെള്ളം പമ്പ് ചെയ്യുന്നതിനുള്ള വാൽവുകൾ, ലൈഫ് ഡിറ്റക്റ്റർ, ഫ്‌ലോട്ടിങ് സ്‌ട്രെചർ, ഗ്യാസ് ഡിറ്റക്ടർ, ബ്ലോവർ, ഓട്ടോ ഫയർ ബാൾ എന്നിവയും കാണാം. ജീവൻ രക്ഷാ മാർഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണത്തിനും അവസരമുണ്ട്.

Story Highlights: Ente Keralam Mega Exhibition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here