‘എനിക്ക് അറിയാവുന്ന പയ്യനാണ് ഫർഹാൻ, അവനും കുടുംബമില്ലേ ?’ കീർത്തി സുരേഷുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് സുരേഷ് കുമാർ

നടി കീർത്തി സുരേഷുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് അച്ഛനും നിർമാതാവ് സുരേഷ് കുമാർ. കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്ത ആദ്യം പുറത്ത് വിടുന്നത് താനായിരിക്കുമെന്നും അതുവരെ വ്യാജ പ്രചാരണങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു. ( suresh kumar about keerthy suresh )
വിഡിയോയിൽ പറയുന്നതിങ്ങനെ : ‘എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി അത് മറ്റുള്ളവർ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേർ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ ?അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതുകൊണ്ടാണ് ഞാൻ ഇപ്പോൾ വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്’.
കഴിഞ്ഞ ദിവസമാണ് നടി കീർത്തി സുരേഷ് ഫർഹാൻ എന്ന യുവാവുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ ഭാവിവരാനാണോ എന്നും ആശംസകൾ നേരുന്നുവെന്നുമുള്ള കമന്റുകൾ വന്നതിനെ തുടർന്ന് കീർത്തി തന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. പല ഓൺലൈൻ മാധ്യമങ്ങളും കീർത്തിയും ഫർഹാനും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ നൽകി. കേരളാ സ്‌റ്റോറിയെ അനുകൂലിച്ച സുരേഷ് കുമാർ മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞില്ലേ എന്നുള്ള കമന്റുകളായിരുന്നു വാർത്തകൾക്ക് താഴെ. ഇതിന് പിന്നാലെയാണ് നിലവിൽ നിലപാട് വ്യക്തമാക്കി സുരേഷ് കുമാർ രംഗത്ത് വന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നിരിക്കുന്നത്.
Story Highlights: suresh kumar about keerthy suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here