Advertisement

അയോധ്യയിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പിതാവ്

May 28, 2023
Google News 2 minutes Read
Class 10 Student Falls To Death In UP School (1)

ഉത്തർപ്രദേശിലെ അയോധ്യയിൽ സ്വകാര്യ സ്കൂളിന്റെ ടെറസിൽ നിന്ന് വീണ് പതിനഞ്ചുകാരി മരണപ്പെട്ടു. എന്നാൽ മകളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ടെറസിൽ നിന്ന് തള്ളിയിടുകയായിരുന്നെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും രണ്ട് ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു.(Class 10 Student Falls To Death In UP School)

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ക്ലാസ് ഇല്ലാതിരുന്നിട്ടും പ്രിൻസിപ്പൽ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് മൊഴി നൽകി. രാവിലെ 8.30ന് മകൾ സ്കൂളിലേക്ക് പോയി. 9.50 ഓടെ കുട്ടി ഊഞ്ഞാലിൽ നിന്ന് വീണ് പരിക്കേറ്റതായി പ്രിൻസിപ്പൽ വീട്ടിൽ വിളിച്ച് അറിയിച്ചു. സ്‌കൂളിൽ എത്തിയപ്പോൾ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് ജീവനക്കാർ പറഞ്ഞത്.

മകളുടെ ശരീരമാസകലം മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. താൻ സ്കൂളിലെത്തിയപ്പോൾ പ്രിൻസിപ്പൽ രണ്ട് പുരുഷന്മാർക്കൊപ്പം തന്നെ പറഞ്ഞുവിട്ടെന്നും, അവരിൽ ഒരാൾ കായികാധ്യാപകനായിരുന്നുവെന്നും കരഞ്ഞുകൊണ്ട് മകൾ എന്നോട് പറഞ്ഞു. ഇവർ മകളെ കൂട്ടബലാത്സംഗം ചെയ്യുകയും, കുറ്റകൃത്യം മറച്ചുവെക്കാൻ കുട്ടിയെ ടെറസിൽ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. കെട്ടിടത്തിന് മുകളിൽ നിന്ന് വീണതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പ്രിൻസിപ്പലിന്റെ മൊഴിക്ക് വിരുദ്ധമായി പെൺകുട്ടി സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വീഴുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പിതാവിന്റെ പരാതിയിൽ ബലാത്സംഗം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.

Story Highlights: Class 10 Student Falls To Death In UP School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here