അടിച്ചു കസറി സുദർശൻ; ഐപിഎൽ കലാശപ്പോരിൽ ചെന്നൈയ്ക്കെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ

ഐപിഎൽ കലാശപ്പോരിൽ മഴ മാറിനിന്നതോടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്. സായി സുദർശനാണ് ചെന്നൈ ബൗളർമാരെ ഏറ്റവും കൂടുതൽ ശിക്ഷിച്ചത്. ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്‍ മികച്ച തുടക്കമിട്ട ശേഷം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും സായി സുദർശനും വൃദ്ധിമാന്‍ സാഹയും ചേർന്ന് ചെന്നൈ ബൗളർമാരെ അടിച്ചു പരത്തുകയായിരുന്നു. ( IPL final; Big score for Gujarat Titans against Chennai ).
പവർപ്ലേ അവസാനിക്കുമ്പോഴേക്കും 62 റൺസായിരുന്നു ഗുജറാത്തിന്റെ സമ്പാദ്യം. എന്നാൽ ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ 20 ബോളില്‍ നിന്ന് 39 റണ്‍സ് നേടി ഗില്‍ കൂടാരം കയറി. അവിടന്നങ്ങോട്ട് സായി സുദർശനും സാഹയും ചേർന്ന് വളരെ കരുതലോടെയാണ് ബാറ്റ് വീശിയത്. പതിമൂന്നാം ഓവറില്‍ അർധ സെഞ്ച്വുറി നേടിയ സാഹയെ ചാഹറാണ് ഔട്ടാക്കിയത്. 39 ബോളില്‍ 54 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം.
പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ പാണ്ഡ്യയും സുദർശനുമാണ് ഗിയർ മാറ്റി കൂറ്റനടികൾ തുടങ്ങിയത്. അവസാന ഓവറില്‍ തുടരെയുള്ള സിക്സറുകളുമായി നല്ല ഫോമിൽ നിന്ന സുദർശൻ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ ഔട്ടാവുകയായിരുന്നു. ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റും ജഡേജയും ചാഹറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Story Highlights: IPL final; Big score for Gujarat Titans against Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here