കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയെ തുടർന്ന് കൂട്ടയടി; മൂന്ന് പേർ അറസ്റ്റിൽ

കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയിൽ കൂട്ടയടി നടത്തിയ കേസിൽ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അടിപിടിയിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. പത്തനംതിട്ട കോയിപ്രം തെള്ളിയൂർ മാനക്കുഴിയിലാണ് കൂട്ടയടിയും പൊലീസ് നടപടിയും ഉണ്ടായത്. ( Violence due to family issues Three people arrested ).
മാനക്കുഴി സ്വദേശി ജൂബിൻ രാജു വാദിയായി രജിസ്റ്റർ ചെയ്തതാണ് ആദ്യ കേസ്. ഈ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി രാജനും സഹോദരൻ ബാബുക്കുട്ടനും ഓട്ടോയിലെത്തി വടിവാൾ എടുത്തു ജൂബിനെ വെട്ടിപ്പരിക്കൽപ്പിച്ചു എന്നായിരുന്നു കേസ്. വെട്ടേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് കപ്പത്തോട്ടത്തിൽ ഇട്ട് വലതുകാൽ മുട്ടിന് വെട്ടി. വീണ്ടും വെട്ട് തടയാനുള്ള ശ്രമത്തിൽ ശരീരത്ത് പല ഭാഗത്തും മുറിവുകളുണ്ടാവുകയും ചെയ്തു.
ഈ കേസിൽ പ്രതിയായ രാജൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം പ്രതിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റവും സമ്മതിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട രാജന്റെ സഹോദരൻ ബാബുക്കുട്ടൻ നൽകിയ പരാതിയിലാണ് പൂവൻ വാഴ സ്വദേശി റജിയും സിബിനും അറസ്റ്റിലായത്. ബാബുക്കുട്ടൻ ഓട്ടോറിക്ഷയിൽ വരുമ്പോൾ പ്രതികൾ ഓട്ടോറിക്ഷ തടഞ്ഞുനിർത്തുകയും തുണിയിൽ കല്ല് കെട്ടിവെച്ച് മർദ്ദിക്കുകയും വെട്ടുകത്തി കൊണ്ട് ഇടതുകാലിലും തലയുടെ വലതുഭാഗത്തും വെട്ടിപ്പരികേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
ഈ കേസിലെ പ്രതികളും അക്രമത്തിനുശേഷം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരെയും ആശുപത്രിയിൽ നിന്നാണ് ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്ന് അറസ്റ്റ് ചെയ്തത്. അക്രമത്തിനായി ഇരു കൂട്ടരും ഉപയോഗിച്ച ആയുധങ്ങളും ഓട്ടോറിക്ഷയും കണ്ടെടുക്കാനായിട്ടില്ലെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും അറസ്റ്റ് ചെയ്യാനുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
Story Highlights: Violence due to family issues Three people arrested