Advertisement

14 വയസ്സുകാരി സിയ മെഹറിന് ഇനി നിവർന്നിരിക്കാം; സ്‌കോളിയോസിസ് ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജ്

May 29, 2023
Google News 2 minutes Read
ziya mehrin sma scoliosis surgery free

കോഴിക്കോട് സ്വദേശിനി 14 വയസ്സുകാരി സിയ മെഹറിന് ഇനി നിവർന്നിരിക്കാം. വർഷങ്ങളായി അലട്ടുന്ന എസ്എംഎ രോഗം മൂലമുള്ള സ്‌കോളിയോസിസ് കാരണം നിവർന്നിരിക്കാനോ കിടക്കാനോ പോലുമാകാത്ത സിയ മെഹ്‌റിന്റെ ദുരിത ജീവിതത്തിനാണ് ഇതോടെ താത്കാലിക ആശ്വാസമായിരിക്കുന്നത്. എസ്എംഎ രോഗം കാരണം വലയുന്ന മനുഷ്യരിൽ ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നത് ഇതോടനുബന്ധിച്ചുണ്ടാക്കുന്ന സ്‌കോളിയോസിസാണ്. നട്ടെല്ല് വളയുന്ന അസുഖമാണ് സ്‌കോളിയോസിസ്. ( ziya mehrin sma scoliosis surgery free )

എസ്എംഎ രോഗത്തിന്റെ ഭാഗമായുള്ള നട്ടെല്ലിന്റെ വളവ് നിവർത്താനുള്ള ശസ്ത്രക്രിയ സർക്കാർ തലത്തിൽ ആദ്യമായാണ് സൗജന്യമായി പൂർത്തിയാക്കിയത്. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഓർത്തോ സർജൻ ഡോക്ടർ അശോകിന്റെ നേതൃത്വത്തിലായിരുന്നു വിജയകരമായ ശസ്ത്രക്രിയ. നട്ടെല്ലിന്റെ വളവു കൂടിയതോടെ കിടക്കിയിൽ ഇരുന്ന് തലയിണകളുടെ സഹായത്തോടെ മുന്നോട്ട് ചാഞ്ഞായിരുന്നു സിയയുടെ ഉറക്കം.130 ഡിഗ്രി വളവു വന്നു പോയിരുന്ന സിയയുടെ അതിസങ്കീർണമായ ശസ്ത്രക്രിയ 10 മണിക്കൂറോളം സമയമെടുത്താണ് വിദഗ്ധസംഘം പൂർത്തിയാക്കിയത്.

സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗത്തിൽ വരുന്ന ഒരു പ്രധാനപ്പെട്ട കോംപ്ലിക്കേഷൻ ആണ് സ്‌കോളിയോസിസ് അഥവാ നട്ടെല്ലിന്റെ വളവ്. നട്ടെല്ലിനെ നിവർത്തി നിലനിർത്താൻ സഹായിക്കുന്ന പേശികൾക്കും ബലക്ഷയം സംഭവിക്കുന്നത് കൊണ്ടാണിത്. സ്‌കോളിയോസിസ് വരുന്നതോടെ ഒടിഞ്ഞു മടങ്ങിയിരിക്കേണ്ടി വരുന്ന രോഗിയുടെ ആന്തരിക അവയവങ്ങൾ കംപ്രസ്ഡ് ആയി (ചുരുങ്ങി ) പ്രവർത്തന വൈകല്യത്തിലേക്ക് എത്തുന്നു. ശ്വാസകോശങ്ങളുടെ സങ്കോച വികാസം സ്‌കോളിയോസിസ് മൂലം വികലമാവുന്നതാണ് ഏറ്റവും ഗുരുതരമാവുന്നത്. സ്രവങ്ങൾ പുറന്തള്ളാൻ ബുദ്ധിമുട്ടിയും, തുടരെ അണുബാധയിലേക്കും ന്യൂമോണിയയിലേക്കും തള്ളിവിട്ടും ജീവിതം ദുസ്സഹമാക്കുന്നതും മരണം വരെ സംഭവിക്കുന്നതും സാധാരണമാണ്. ഉദരാവയവങ്ങളെ ഞെരുക്കി ദഹനസംബന്ധമായ പ്രശ്‌നങ്ങളും നട്ടെല്ലിന്റെ വളവ് ഉണ്ടാക്കുന്നു. വളരെ ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം നൽകിയാണ് സിയയെ പോലുള്ള കുട്ടികളിൽ ദഹന പ്രശ്‌നങ്ങൾ ഗുരുതരം ആവാതെ സംരക്ഷിക്കുന്നത്. ചെറിയ പ്രായത്തിൽ ബ്രേസുകൾ ഉപയോഗിച്ച് സപ്പോർട്ട് നൽകാമെങ്കിലും സ്‌കോളിയോസിസ് വർധിക്കുന്ന പ്രായത്തിൽ സർജറി ചെയ്ത് ഇത് പരിഹരിക്കുക തന്നെ വേണം. സാധാരണയായി 11 മുതൽ 13 വയസ്സ് വരെയുള്ള പ്രായത്തിൽ ശസ്ത്രക്രിയ ചെയ്യുകയാണ് പതിവ്.

15 ലക്ഷം രൂപ വരെ വരുന്ന ശസ്ത്രക്രിയ സർക്കാർ സൗജന്യമായി നൽകാൻ തയ്യാറായതോടെ ഒരു വലിയ വിഭാഗം എസ്എംഎ രോഗികൾക്കാണ് ആശ്വാസമാവുന്നത്. ടൈപ്പ് 2 എസ്എംഎ രോഗികൾ, ടൈപ്പ് 3 -ൽപ്പെട്ട കൂടുതൽ ബലക്ഷയം ഉള്ളവർ എന്നിവരിൽ സ്‌കോളിയോസിസ് രൂപപ്പെടുകയും ഗുരുതരമായി ബാധിച്ച് മരണം വരെ സംഭവിക്കുകയും ചെയ്യാം. നിരന്തരമായ പരിശോധനകൾ,ഫിസിയോതെറാപ്പി ഇവയ്ക്കുതന്നെ പണം ചെലവഴിക്കാൻ ആകാതെ ബുദ്ധിമുട്ടുന്നവരാണ് എസ്എംഎ രോഗികളിലെ വലിയ ശതമാനം. അതിനാൽ രോഗികൾക്ക് ഏറ്റവും ആശ്വാസം നൽകിയ സർക്കാർ തീരുമാനമാണ് ഇതോടെ യാഥാർത്ഥ്യമായത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എസ്എംഎക്ക് സ്‌കോളിയോസിസ് ശസ്ത്രക്രിയ കൂടി ആരംഭിച്ചതോടെ, അപൂർവ രോഗങ്ങളിലെ സെന്റർ ഓഫ് എക്‌സലൻസ് ആയ എസ്.എ.ടി ആശുപത്രിക്ക് ഇനി കൂടുതൽ ഫലപ്രദമായി എസ്എംഎ രോഗത്തെ ചികിത്സിക്കാനാവും. അഞ്ച് വയസിൽ താഴെയുള്ള മുപ്പതിലേറെ രോഗികൾക്ക് സർക്കാർ സൗജന്യമായി എസ്.എം.എ രോഗത്തിനുള്ള റിസ്ഡിപ്ലാം മരുന്ന് നൽകാനാരംഭിച്ചിട്ടുണ്ട്.

Story Highlights: ziya mehrin sma scoliosis surgery free

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here