ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശത്തും മലയോര മേഖലയിലുമുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.
കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുക്കത്ത് റോഡിലേക്ക് മരം കടപുഴകി വീണു. കൊടുവള്ളിയിലും സമീപ പ്രദേശങ്ങളിലുമാണ് മഴയും ശക്തമായ ഇടിമിന്നലും ഉണ്ടായത്. കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബയാണ് മിന്നലേറ്റ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also: പതിനായിരത്തോളം സർക്കാർ ജീവനക്കാർ ഇന്ന് വിരമിക്കും
ആവിലോറയില്‍ ഇടിമിന്നലില്‍ സ്ത്രിക്ക് പരിക്കേറ്റു. ചെവിടംപാറക്കല്‍ ജമീലക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുക്കം- കുന്നമംഗലം പാതയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മുക്കം ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
അതേസമയം മഴക്കാല പൂര്‍വ്വ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് സജ്ജമാകാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Story Highlights: Rain alert in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here